ഒമാനിൽ മാർച്ച് 20 വരെ മുഴുവൻ ഗവർണറേറ്റുകളിലെയും വാണിജ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല നിയന്ത്രണങ്ങളിൽ നിന്ന് ഹോം ഡെലിവറി സേവനങ്ങളെ ഒഴിവാക്കിയതായി സുപ്രീം കമ്മിറ്റി അറിയിച്ചു. റെസ്റ്ററെന്റുകൾ ഉൾപ്പടെയുള്ള ഭക്ഷണശാലകളിൽ നിന്നുള്ള ഹോം ഡെലിവറി സേവനങ്ങൾക്കാണ് അനുമതി നൽകിയിട്ടുള്ളത്.
മാർച്ച് 12-നാണ് സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്. ഹോം ഡെലിവറി സേവനങ്ങൾക്ക് ആദ്യ ഘട്ടത്തിൽ സുപ്രീം കമ്മിറ്റി വിലക്കേർപ്പെടുത്തിയിരുന്നു. ഹോം ഡെലിവറി സേവനങ്ങൾക്ക് പുറമെ, ഇന്ധനവിതരണ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ടയർ ഷോപ്പുകളെയും ഇപ്പോൾ ഈ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇതോടെ ഇന്ധനവിതരണ കേന്ദ്രങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, സ്വകാര്യ ഫാർമസികൾ, ഹോം ഡെലിവറി സേവനങ്ങൾ, ഇന്ധനവിതരണ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ടയർ ഷോപ്പുകൾ എന്നിവയ്ക്ക് രാത്രികാല നിയന്ത്രണങ്ങളുടെ സമയങ്ങളിലും പ്രവർത്തിക്കാനാകുന്നതാണ്.
ഒമാനിൽ മാർച്ച് 4 മുതലാണ് രാജ്യത്തുടനീളമുള്ള വാണിജ്യ പ്രവർത്തനങ്ങൾക്ക് ദിനവും രാത്രി 8 മുതൽ പിറ്റേന്ന് രാവിലെ 5 വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. രാജ്യത്ത് COVID-19 രോഗവ്യാപനം തുടരുന്ന സാഹചര്യത്തിലാണ് ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങൾ കർശനമാക്കാൻ കമ്മിറ്റി തീരുമാനിച്ചത്.