വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച ശേഷം ഒമാനിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് പിഴ കൂടാതെ രാജ്യം വിടാൻ അവസരം നൽകുന്ന പദ്ധതിയുടെ കാലാവധി 2021 ഓഗസ്റ്റ് 31 വരെ നീട്ടാൻ തീരുമാനിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. ഈ പദ്ധതിയുടെ ആനുകൂല്യം 2021 ജൂൺ 30 വരെയാണെന്നാണ് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നത്.
ജൂൺ 16-ന് വൈകീട്ടാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. വിസ കാലാവധി അവസാനിച്ചവർക്കും, തൊഴിൽ പ്രശ്നങ്ങൾ നേരിടുന്നവർക്കും ഈ പദ്ധതിയുടെ കീഴിൽ ഒമാനിൽ നിന്ന് എന്നേക്കുമായി മടങ്ങുകയാണെങ്കിൽ, നില നിൽക്കുന്ന പിഴതുകകളും മറ്റും ഒഴിവാക്കി നൽകുന്നതാണ്. പ്രവാസികൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ഇപ്പോൾ 2021 ഓഗസ്റ്റ് 31 വരെ ഉപയോഗപ്പെടുത്താവുന്നതാണ്.
ഇത് ആറാം തവണയാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഈ പൊതുമാപ്പ് പദ്ധതിയുടെ കാലാവധി നീട്ടി നൽകുന്നത്. നിലവിലെ ആഗോളതലത്തിലുള്ള യാത്രാ വിളക്കുകൾ മൂലം രാജ്യത്ത് കുടുങ്ങികിടക്കുന്നവർക്ക് ഈ തീരുമാനം ആശ്വാസമാകും. ഇത്തരം പ്രവാസി തൊഴിലാളികൾക്ക് തങ്ങളുടെ നാടുകളിലേക്ക് മടങ്ങുന്നതിനായി 2020 നവംബർ 15 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവാണ് ഒമാൻ തൊഴിൽ മന്ത്രാലയം ആദ്യം അനുവദിച്ചിരുന്നത്. പിന്നീട് ഈ പദ്ധതിയുടെ ആനുകൂല്യം രണ്ട് തവണ വീതം മൂന്ന് മാസത്തേക്ക് നീട്ടി 2021 ജൂൺ 30 വരെ തുടരാൻ തീരുമാനിച്ചിരുന്നു. ഇപ്പോൾ ഈ പദ്ധതി ഓഗസ്റ്റ് 31 വരെ തുടരാനാണ് തൊഴിൽ മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്.
ഇത്തരത്തിൽ ഒമാനിൽ നിന്ന് പിഴ കൂടാതെ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക്, രാജ്യം വിടുന്നതിനുള്ള അനുമതി ലഭിക്കുന്നതിനായി ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ റജിസ്‌ട്രേഷൻ സമർപ്പിക്കാവുന്നതാണ്. വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ചവർ, അനധികൃതമായി രാജ്യത്ത് തുടരുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് ഒമാനിൽ നിന്ന് നിയമപരമായി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതിന് ഈ അവസരം ഉപയോഗിക്കാവുന്നതാണ്.