ഒമാൻ: പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലൈസൻസുകളുടെ കാലാവധി ഡിസംബർ 31 വരെ നീട്ടി

GCC News

രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനായി അനുവദിച്ചിട്ടുള്ള ലൈസൻസുകളുടെ കാലാവധി 2021 ഡിസംബർ 31 വരെ നീട്ടി നൽകിയതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. നേരത്തെ ഇത്തരം ലൈസൻസുകളുടെ കാലാവധി മന്ത്രാലയം 2021 സെപ്റ്റംബർ 30 വരെ നീട്ടി നൽകിയിരുന്നു.

2021 സെപ്റ്റംബർ 29-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. COVID-19 മഹാമാരി മൂലം ഉടലെടുത്ത ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറുന്നതിന് രാജ്യത്തെ സ്വകാര്യ മേഖലയ്ക്ക് കൂടുതൽ ഇളവുകൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കുന്നതിന് രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് കൂടുതൽ സമയം അനുവദിക്കാൻ തീരുമാനിച്ചതായി മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.