രാജ്യത്തിന്റെ കരമാർഗ്ഗമുള്ള അതിർത്തികൾ അടച്ചിടാനുള്ള തീരുമാനം ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ജനുവരി 24, ഞായറാഴ്ച്ച വൈകീട്ടാണ് സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.
നേരത്തെ 2021 ജനുവരി 18 മുതൽ ഒരാഴ്ച്ചത്തേക്ക് രാജ്യത്തിന്റെ കരമാർഗ്ഗമുള്ള അതിർത്തികൾ അടയ്ക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചിരുന്നു. ജനുവരി 24 വരെ ഏർപ്പെടുത്തിയിരുന്ന ഈ നിയന്ത്രണങ്ങൾ ഒരാഴ്ച്ചത്തേക്ക് കൂടി തുടരാൻ സുപ്രീം കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഈ പുതിയ തീരുമാനത്തോടെ, ഒമാനിലേക്കുള്ള കരമാർഗ്ഗമുള്ള അതിർത്തികൾ 2021 ഫെബ്രുവരി 1, തിങ്കളാഴ്ച്ച വൈകീട്ട് 6 മണിവരെ അടച്ചിടുന്നതായിരിക്കും.
അതിവേഗം പകരുന്ന COVID-19 വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായുള്ള ആരോഗ്യ വിദഗ്‌ദ്ധ സംഘത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് രാജ്യത്തിന്റെ കരമാർഗ്ഗമുള്ള അതിർത്തികൾ അടയ്ക്കാൻ ഒമാൻ തീരുമാനിച്ചത്. ജനുവരി 24-ന് ചേർന്ന സുപ്രീം കമ്മിറ്റി യോഗം നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം നിയന്ത്രണങ്ങൾ ഒരാഴ്ച്ച കൂടി തുടരാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു.