സ്വദേശിവത്കരണം നടപ്പിലാക്കിയിട്ടുള്ള തൊഴിലുകളിൽ നിലവിൽ പ്രവാസി ജീവനക്കാർ ജോലിചെയ്യുന്ന സ്ഥാപനങ്ങൾക്ക്, ഇത്തരം ജീവനക്കാരുടെ തൊഴിൽ പദവി പ്രവാസികൾക്ക് അനുവദനീയമായ മറ്റു തൊഴിലുകളിലേക്ക് മാറ്റുന്നതിനുള്ള കാലാവധി വീണ്ടും നീട്ടി നൽകാൻ ഒമാൻ തൊഴിൽ മന്ത്രാലയം തീരുമാനിച്ചു. നിലവിൽ 2021 ജനുവരി 26 വരെ ഈ കാലാവധി നീട്ടി നൽകിയിട്ടുണ്ട്.
നേരത്തെ തൊഴിൽ പദവി മാറ്റുന്നതിനുള്ള കാലാവധി ജനുവരി 21 വരെയാണ് അനുവദിച്ചിരുന്നത്. ഇത് മൂന്നാമത്തെ തവണയാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഈ കാലാവധി നീട്ടി നൽകുന്നത്.
ഈ തീരുമാനത്തോടെ, ഒമാനിൽ സ്വദേശിവത്കരണം നടപ്പിലാക്കിയിട്ടുള്ള തൊഴിലുകളിൽ ജോലിചെയ്യുന്ന പ്രവാസി ജീവനക്കാർക്ക്, മറ്റു തൊഴിലുകളിലേക്ക് മന്ത്രാലയം അനുശാസിക്കുന്ന നിബന്ധനകൾക്ക് വിധേയമായി മാറുന്നതിന് ജനുവരി 26 വരെ സമയം ലഭിക്കുന്നതാണ്. സ്വദേശിവത്കരണം സംബന്ധിച്ചുള്ള മറ്റു തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനും സ്ഥാപനങ്ങൾക്ക് സാവകാശം ലഭിക്കുന്നതാണ്.
രാജ്യത്തെ തൊഴിൽ മേഖലയിലെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനാണ് മന്ത്രാലയം ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. സർക്കാർ അനുശാസിക്കുന്ന നിബന്ധനകൾക്ക് വിധേയമായി പ്രവാസി ജീവനക്കാരെ അതെ സ്ഥാപനത്തിൽ തന്നെ അനുവദനീയമായ മറ്റു പ്രവർത്തന മേഖലകളിലേക്ക് മാറ്റുന്നതിനും, മറ്റു തൊഴിലുടമകൾക്ക് കീഴിലേക്ക് മാറ്റുന്നതിനും ഈ കാലയളവ് ഉപയോഗപ്പെടുത്താവുന്നതാണ്.