ഒമാനിലെ പ്രകൃതി സംരക്ഷിത മേഖലകളുടെ എണ്ണം ഇരുപതിലെത്തിയതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ (NCSI) വ്യക്തമാക്കി. ജനുവരി 8, വെള്ളിയാഴ്ച്ചയാണ് NCSI ഇത്തരത്തിൽ ഒരു അറിയിപ്പ് പുറത്തിറക്കിയത്.
“ഒമാനിൽ നിലവിൽ ആകെ ഇരുപത് പ്രകൃതി സംരക്ഷിത മേഖലകളുണ്ട്. ഇതിൽ 13 എണ്ണം സമുദ്ര സംരക്ഷിത മേഖലകളും, 5 എണ്ണം പർവ്വത വിജനപ്രദേശങ്ങളിലുള്ള സംരക്ഷിത മേഖലകളും, രണ്ടെണ്ണം കരയിലെ പ്രകൃതി സംരക്ഷിത മേഖലകളുമാണ്.”, ഒമാനി പരിസ്ഥിതി ദിനമായ ജനുവരി 8-ന് പുറത്തിറക്കിയ കുറിപ്പിൽ NCSI വ്യക്തമാക്കുന്നു.
ഒമാനിലെ സമൂഹത്തിന്റെ പൊതുബോധത്തിൽ തലമുറകളായി പ്രകടമാകുന്ന പ്രകൃതി സംരക്ഷണത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ടാണ് രാജ്യം ജനുവരി 8-ന് ഒമാനി പരിസ്ഥിതി ദിനമായി ആചരിക്കുന്നത്.