ജോലി സംബന്ധമായ പരിക്കുകൾ, രോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ ഒമാൻ കർശനമാക്കുന്നു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതുമായി ബന്ധപ്പെട്ട് ഒമാൻ സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ട് (SPF) പുതിയ നിയമങ്ങൾ (ഉത്തരവ് 1/2026) പ്രഖ്യാപിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൊഴിൽപരമായ പരിക്കുകൾ, രോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ, കവറേജ് മാനദണ്ഡങ്ങൾ, ഇത്തരം പരിക്കുകളും, രോഗങ്ങളും റിപ്പോർട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ, നഷ്ടപരിഹാര സംവിധാനങ്ങൾ, വൈകല്യ വിലയിരുത്തലുകൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ ഉത്തരവ്.
ഈ പുതിയ നിയമമനുസരിച്ച് തൊഴിൽപരമായ പരിക്കുകൾ സംബന്ധിച്ച വിവരങ്ങൾ അറിഞ്ഞ് അഞ്ച് ദിവസത്തിനുള്ളിലും, തൊഴിൽ സംബന്ധിയായ രോഗങ്ങൾ സംബന്ധിച്ച വിവരങ്ങൾ അറിഞ്ഞ് പതിനാല് ദിവസത്തിനുള്ളിലും തൊഴിലുടമ SPF-ൽ അറിയിക്കേണ്ടതാണ്. ഈ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് സംഭവിച്ചതും, പരിക്കേറ്റ വ്യക്തിയുടെ അവസ്ഥ ഇതുവരെ സുഖപ്പെട്ടിട്ടില്ലാത്തതുമായ ജോലി സംബന്ധമായ പരിക്കുകൾക്കും ഈ നിയന്ത്രണം ബാധകമാണ്.
എന്നാൽ ഈ നിയമം നടപ്പിലാക്കുന്നതിന് മുൻപ് സംഭവിച്ചിട്ടുള്ളതും, പരിക്കേറ്റ വ്യക്തിയുടെ അവസ്ഥ ഭേദമായിട്ടുള്ളതുമായ പരിക്കുകൾക്ക് (ഇതുമായി ബന്ധപ്പെട്ട നഷ്ടപരിഹാര നടപടിക്രമങ്ങൾ വൈകിയാൽ പോലും) ഇത് ബാധകമല്ല.

