രാജ്യത്തെ തൊഴിൽ നിയമങ്ങളിലെ വിവിധ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി പ്രത്യേക പരിശോധനകൾ നടത്തുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു. ഒമാനിലെ തൊഴിൽ സാഹചര്യങ്ങൾ സുരക്ഷിതമാക്കുന്നതിനും, എല്ലാ സ്ഥാപനങ്ങളും തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായാണ് ഈ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
ജൂൺ 9-ന് രാത്രിയാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. രാജ്യത്തെ വിവിധ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ കൃത്യമായ രേഖകളില്ലാതെ തൊഴിലെടുക്കുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായി മന്ത്രാലയത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തുന്നതിന്റെ ഒരു വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വീഡിയോ നിലവിലെ പരിശോധനകളുടേതല്ലെന്നും, പഴയതാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇത്തരത്തിൽ പ്രചരിക്കുന്ന ദൃശ്യം പഴയതാണെങ്കിലും, രാജ്യത്തെ തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ ഊർജ്ജിതമാക്കുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.