പൊതുഗതാഗതവുമായി ബന്ധപ്പെട്ട് രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ബസ് നിരത്തിലിറക്കിയതായി ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത് അറിയിച്ചു. 2024 ജൂലൈ 16-നാണ് മുവാസലാത് ഇക്കാര്യം അറിയിച്ചത്.
ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ‘സ്മാർട്ട് ട്രാൻസ്പോർട്ടേഷൻ ഇൻ സസ്‌റ്റൈനബിൾ സിറ്റീസ്’ എന്ന പേരിൽ സലാലയിൽ വെച്ച് സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഭാഗമായാണ് ഈ ഇലക്ട്രിക്ക് ബസ് അവതരിപ്പിച്ചത്.
പൊതുഗതാഗത മേഖലയിൽ സുസ്ഥിരതയിലൂന്നിയുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ ഇലക്ട്രിക്ക് ബസ് നിരത്തിലിറക്കുന്നത്. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും ഗ്രീൻ എനർജി സേവനങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.
28 യാത്രികർക്ക് സഞ്ചരിക്കാനാകുന്ന ഈ ബസിന്റെ വേഗത മണിക്കൂറിൽ 70 മുതൽ 130 കിലോമീറ്റർ വരെയായി നിജപ്പെടുത്തിയിട്ടുണ്ട്. 8.94 മീറ്റർ നീളമുള്ള ഈ ബസിന്റെ വീതി 2.42 മീറ്ററും, ഉയരം 3.3 മീറ്ററുമാണ്.
Cover Image: Oman News Agency.