ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കും, ഗസ്റ്റ് ഹൗസുകൾക്കും ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം മുന്നറിയിപ്പ് നൽകി. 2024 മെയ് 19-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഇത്തരം സ്ഥാപനങ്ങളെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി അൽ വുസ്ത ഗവർണറേറ്റിൽ നിരീക്ഷണങ്ങൾ, പരിശോധന എന്നിവ ശക്തമാക്കിയതായി മന്ത്രാലയം അറിയിച്ചു. ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ തുടങ്ങിയവ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണ് പ്രവർത്തിക്കുന്നതെന്നും, അവ മതിയായ നിലവാരം പുലർത്തുന്ന സേവനങ്ങളാണ് നൽകുന്നതെന്നും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്.
അൽ വുസ്ത ഗവർണറേറ്റിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച് കൊണ്ടിരുന്ന 32 ഇത്തരം സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ തുടങ്ങിയവ നിയമപരമായി നടത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള അനുമതികൾ, ലൈസൻസ് എന്നിവ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ലൈസൻസ് കൂടാതെ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ ഉടൻ തന്നെ ഇത്തരം ലൈസൻസുകൾക്കായുള്ള അപേക്ഷകൾ സമർപ്പിക്കണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.