ഒമാൻ: 2022-2023 വർഷത്തെ അധ്യയന കലണ്ടർ പുറത്തിറക്കിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി

GCC News

രാജ്യത്തെ വിദ്യാലയങ്ങളുടെ 2022-2023 അധ്യയന വർഷത്തെ പ്രവർത്തന കലണ്ടർ പുറത്തിറക്കിയിട്ടില്ലെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. 2022 ജൂൺ 20-നാണ് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2022-2023 അധ്യയന വർഷത്തെ കലണ്ടർ എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്ന വാർത്തകൾ തള്ളിക്കൊണ്ടാണ് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയത്. 2022-2023 അധ്യയന വർഷത്തെ പ്രവർത്തിദിനങ്ങൾ, അവധിദിവസങ്ങൾ, പരീക്ഷകൾ മുതലായവയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക തീരുമാനങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ പിന്തുടരാൻ മന്ത്രാലയം ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.