രാജ്യത്തെ കെട്ടിടനിർമ്മാണ മേഖലയിലെ സ്ഥാപനങ്ങളിൽ എഞ്ചിനീയറിംഗ് തസ്തികകളിൽ തൊഴിലെടുക്കുന്നവർക്ക് ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഒമാൻ തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചു. നവംബർ 29-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഇത്തരം ജീവനക്കാരുടെ പ്രൊഫഷണൽ അക്രഡിറ്റേഷൻ സംവിധാനത്തിൽ സമർപ്പിക്കേണ്ട അപേക്ഷകൾ സംബന്ധിച്ച നടപടികൾ കാലതാമസം കൂടാതെ പൂർത്തിയാക്കാൻ മന്ത്രാലയം സ്ഥാപനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. സ്ഥാപനങ്ങളിൽ നിലവിൽ എഞ്ചിനീയർ തസ്തികകളിൽ തൊഴിലെടുക്കുന്നവർക്കും, സ്ഥാപനങ്ങൾ പുതിയതായി ഇത്തരം പദവികളിൽ നിയമിക്കാൻ ഉദ്ദേശിക്കുന്ന ജീവനക്കാർക്കും ഈ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.
ഇതിനായി ഇത്തരം ജീവനക്കാർക്ക് ഔദ്യോഗികമായി അംഗീകാരം ലഭിക്കുന്നതിന് സ്ഥാപനങ്ങൾ ഒമാൻ സൊസൈറ്റി ഓഫ് എൻജിനീയറിങ്ങുമായി ബന്ധപ്പെടേണ്ടതാണ്. ഇത്തരം ജീവനക്കാർക്ക് പുതിയ വർക്ക് പെർമിറ്റ് ലഭിക്കുന്നതിനും, നിലവിലുള്ള ഇത്തരം ജീവനക്കാരുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിനും ഈ നടപടികൾ പൂർത്തിയെക്കേണ്ടതുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
2023 ഫെബ്രുവരി 1 മുതൽ ജോബ് പെർമിറ്റുകൾ ലഭിക്കുന്നതിനും, പുതുക്കുന്നതിനും പ്രൊഫഷണൽ അക്രഡിറ്റേഷൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്.