ഒമാൻ: ലൈസൻസ് ഇല്ലാത്ത തൊഴിലാളികളെ നിയമിക്കുന്നതിനെതിരെ മുന്നറിയിപ്പ്

featured GCC News

രാജ്യത്തെ തൊഴിലിടങ്ങളിൽ ലൈസൻസ് ഇല്ലാത്ത തൊഴിലാളികളെ നിയമിക്കുന്നതിനെതിരെ ഒമാൻ തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2024 ജൂലൈ 18-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

ലൈസൻസ് ഇല്ലാത്തവർ, മറ്റു രാജ്യങ്ങളിൽ നിന്ന് അനധികൃതമായി നുഴഞ്ഞ് കയറിയിട്ടുള്ളവർ, മറ്റു തൊഴിലിടങ്ങളിൽ നിന്ന് നിയമപരമല്ലാതെ ജോലി ഉപേക്ഷിച്ചിട്ടുള്ളവർ തുടങ്ങിയ വിഭാഗങ്ങളെ തൊഴിലിടങ്ങളിൽ നിയമിക്കരുതെന്ന് ഒമാനിലെ പൗരന്മാർക്കും, നിവാസികൾക്കും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇത് സംബന്ധിച്ച വീഴ്ച വരുത്തുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്നും, ഇവർക്കെതിരെ ഒമാൻ തൊഴിൽ നിയമങ്ങൾ അനുശാസിക്കുന്ന പ്രകാരമുള്ള കടുത്ത ശിക്ഷാ നടപടികൾ ഉണ്ടാകുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒമാനിലെ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 143 പ്രകാരം ഇത്തരം വീഴ്ചകൾക്ക് പത്ത് ദിവസം മുതൽ ഒരു മാസം വരെ തടവ്, ആയിരം മുതൽ രണ്ടായിരം റിയാൽ വരെ പിഴ എന്നിവ ശിക്ഷയായി ലഭിക്കാവുന്നതാണ്.