രാജ്യത്തെ പൊതുഗതാഗത സേവന ശൃംഖല കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് ഒരു സ്മാർട്ട് ട്രാൻസ്‌പോർട്ട് സംവിധാനം പ്രവർത്തനക്ഷമമാക്കി. ഡിസംബർ 14-നാണ് മുവാസലാത്ത് ഇക്കാര്യം അറിയിച്ചത്.
“ഒമാനിലെ പൊതുഗതാഗത സംവിധാനം കൂടുതൽ ഫലപ്രദമാക്കുന്നതിനായി ഒരു പുതിയ സ്മാർട്ട് ട്രാൻസ്‌പോർട്ട് സിസ്റ്റം മുവാസലാത്ത് പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. നൂതന സാങ്കേതിവിദ്യകളുടെ ഉപയോഗത്തിലൂടെ പൊതുഗതാഗത സംവിധാനങ്ങളുടെ വികസനവും, സമൂഹത്തിലെ മുഴുവൻ പേർക്കും സ്മാർട്ട് സേവനങ്ങൾ ഉറപ്പാക്കുന്നതിനുമാണ് ഇതിലൂടെ മുവാസലാത്ത് ലക്ഷ്യമിടുന്നത്.”, ഒമാൻ ന്യൂസ് ഏജൻസി ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തു.
നിർമ്മിതബുദ്ധിയുടെ സഹായത്തോടെ തയ്യാറാക്കിയിരിക്കുന്ന ഈ പുതിയ സ്മാർട്ട് ട്രാൻസ്‌പോർട്ട് സിസ്റ്റം ഒമാനിലെ പൊതുഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുമെന്ന് മുവാസലാത്ത് വ്യക്തമാക്കി. മേഖലയിൽ തന്നെ ഇത്തരം ഒരു സംവിധാനം ആദ്യമായാണ് ഉപയോഗിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഒമാനിലെ പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവരുടെ യാത്രകൾ സംബന്ധിച്ചുള്ള ദൈനംദിന വിവരങ്ങൾ വിശകലനം ചെയ്യുന്നതിനും, ഇതിലൂടെ യാത്രികർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പാക്കുന്നതിനും സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഒമാനിലെ പൊതുസമൂഹത്തിൽ പൊതുഗതാഗത സംവിധാനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും അധികൃതർ ഈ പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നു. സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് കൊണ്ട് യാത്രികർക്ക് യാത്രാ ടിക്കറ്റുകൾ വാങ്ങുന്നതിനും, പേപ്പർ ടിക്കറ്റുകൾ ഒഴിവാക്കുന്നതിനും ഈ പുതിയ സംവിധാനത്തിലൂടെ സാധിക്കുന്നതാണെന്ന് മുവാസലാത്ത് വ്യക്തമാക്കി.