രാജ്യത്തിന്റെ വ്യോമപാത എല്ലാ യാത്രാ വിമാനങ്ങൾക്കും തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) വ്യക്തമാക്കി. 2023 ഫെബ്രുവരി 23-നാണ് ഒമാൻ CAA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഇതോടെ ഏഷ്യൻ മേഖലയിലെ യാത്രകൾക്കായ് സൗദി – ഒമാൻ വ്യോമ ഇടനാഴി പ്രയോജനപ്പെടുത്തുന്നതിന് ഇസ്രായേലി വിമാനങ്ങൾക്ക് അവസരം ലഭിക്കുന്നതാണ്. ഈ അനുമതി സൗദി അധികൃതർ നേരത്തെ നൽകിയിരുന്നു.
“രാജ്യത്തിൻറെ വ്യോമപാത ഉപയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്ന എല്ലാ യാത്രാ വിമാനങ്ങൾക്കും ഒമാൻ ആകാശപ്പരപ്പിലൂടെ സഞ്ചരിക്കുന്നതിന് അനുമതി നൽകിയതായി ഇതിനാൽ സ്ഥിരീകരിക്കുന്നു.”, ഒമാൻ CAA പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.
ഈ നീക്കം ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഒമാന്റെ ഭാഗത്ത് നിന്നുള്ള ഈ തീരുമാനത്തെ ഇസ്രായേൽ വിദേശകാര്യ മന്ത്രി ഏലി കോഹെൻ സ്വാഗതം ചെയ്യുകയും, ഇതിൽ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
സൗദി – ഒമാൻ വ്യോമ ഇടനാഴി പ്രയോജനപ്പെടുത്തിക്കൊണ്ട് ഇസ്രായേലി വിമാനങ്ങൾക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ സാധ്യമാക്കുന്ന ഈ നടപടി ഇസ്രായേൽ സമ്പദ്‌വ്യവസ്ഥയ്ക്കും, യാത്രികർക്കും ഒരു പോലെ ചരിത്രപരവും, പ്രധാനമായതുമായമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
Cover Image: WAM.