രാജ്യത്ത് ഔദ്യോഗിക അനുമതികളില്ലാതെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇത്തരം സ്വകാര്യ സ്‌കൂളുകൾ ആരംഭിക്കുന്നതിനായി ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുള്ള ഔദ്യോഗിക അംഗീകാരം നിർബന്ധമാണെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.
ഏപ്രിൽ 18-നാണ് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. നിയമം ലംഘിച്ച് കൊണ്ട് ഇത്തരം സ്‌കൂളുകൾ സ്ഥാപിക്കുന്നവർക്ക് മൂന്ന് മാസം തടവും, 500 റിയാൽ പിഴയും ലഭിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
“ഒമാനിൽ സ്വകാര്യ സ്‌കൂളുകൾ സ്ഥാപിക്കാൻ അനുമതി ലഭിക്കുന്നതിന്, രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെയും മേൽനോട്ടം വഹിക്കുന്ന അധികാരി എന്ന നിലയിൽ മിനിസ്ട്രി ഓഫ് എഡ്യൂക്കേഷനിൽ നിന്നുള്ള ഔദ്യോഗിക അംഗീകാരം നിർബന്ധമാണ്. ഇത് സംബന്ധിച്ചുള്ള ചട്ടങ്ങളും, നിയമങ്ങളും മറികടന്ന് സ്വകാര്യ സ്‌കൂളുകൾ സ്ഥാപിക്കുന്നത് മൂന്ന് മാസം തടവും, 500 റിയാൽ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.”, പബ്ലിക് പ്രോസിക്യൂഷൻ പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.