രാജ്യത്തെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണത്തിൽ രേഖപ്പെടുത്തുന്ന വർദ്ധനവ് കണക്കിലെടുത്ത് സുപ്രീം കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പൊതുസമൂഹത്തോട് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഉയർന്ന COVID-19 വ്യാപനവും, ആശുപത്രികളിൽ തീവ്രപരിചരണം ആവശ്യമാകുന്നവരുടെ എണ്ണത്തിലെ വർദ്ധനവും കണക്കിലെടുത്ത് രാജ്യത്ത് ആളുകൾ ഒത്ത് ചേരുന്ന എല്ലാ പ്രാദേശിക പരിപാടികളും, ചടങ്ങുകളും, സമ്മേളനങ്ങളും താത്കാലികമായി നിരോധിച്ചതായി കഴിഞ്ഞ ദിവസം സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ജാഗ്രത തുടരാനും, ആൾക്കൂട്ടം ഒഴിവാക്കാനും, സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ പാലിക്കാനും പബ്ലിക് പ്രോസിക്യൂഷൻ ഒമാനിലെ പൗരന്മാരോടും, നിവാസികളോടും ആവശ്യപ്പെട്ടത്. ഇത്തരം നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.