ഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 4 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു. ജനുവരി 28-നാണ് പബ്ലിക് പ്രോസിക്യൂഷൻ ഇവരുടെ വിവരങ്ങൾ പുറത്ത് വിട്ടത്.
ഒമാനിലെ പൊതു സമൂഹത്തിന്റെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ മറികടന്നതായി കണ്ടെത്തിയ ഇവർ ബംഗ്ലാദേശി പൗരന്മാരാണ്. അനധികൃതമായി ഒത്തുചേർന്നതിനാണ് ഇവർക്കെതിരെ നിയമനടപടികൾ കൈകൊണ്ടിട്ടുള്ളത്. ഇവരെ അറസ്റ്റ് ചെയ്യുകയും, തുടർന്ന് കോടതികളിൽ ഹാജരാക്കുകയുമായിരുന്നു.
ഇവർക്കെതിരെ കോടതി ശിക്ഷാ നടപടികൾ കൈക്കൊണ്ട ശേഷമാണ് പ്രോസിക്യൂഷൻ ഇവരുടെ പേരും, മറ്റു വിവരങ്ങളും പങ്ക് വെച്ചത്. ഇവർക്ക് സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇവർക്ക് 3 മാസത്തെ തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷാ കാലാവധിയ്ക്ക് ശേഷം ഇവരെ നാട് കടത്തുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.