ഒമാൻ: ദോഫാറിലെ അൽ മുഖ്സെയ്ൽ ബീച്ച് തുറന്ന് കൊടുത്തതായി ROP

Oman

ദോഫാർ ഗവർണറേറ്റിലെ അൽ മുഖ്സെയ്ൽ ബീച്ച് സന്ദർശകർക്കായി തുറന്ന് കൊടുത്തതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. 2022 ജൂലൈ 18-നാണ് ROP ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, അൽ മുഖ്സെയ്ൽ ബീച്ചിലേക്ക് ജൂലൈ 18-ന് രാവിലെ 9 മണി മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ച ഈ ബീച്ചിൽ ഉണ്ടായ അപകടത്തിൽ കാണാതായവരെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ നടക്കുന്നതിനാൽ അൽ മുഖ്സെയ്ൽ ബീച്ചിലേക്കുള്ള പ്രവേശനം താത്കാലികമായി നിരോധിച്ചിരിക്കുകയായിരുന്നു.

സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ROP ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബീച്ചിലെ സുരക്ഷാ വേലി മറികടക്കരുതെന്നും, കുട്ടികളെ തനിയെ വിടരുതെന്നും, കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും, അപകടസാധ്യതയുള്ള ഇടങ്ങളിൽ നിന്ന് വിട്ട് നിൽക്കാനും, ബീച്ചിനരികിലെ പാറക്കൂട്ടങ്ങളുടെ ചെരിവുകളിലേക്ക് പോകരുതെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്ത് കനത്തമഴയെത്തുടർന്ന് താത്കാലികമായി അടച്ചിരുന്ന മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളും 2022 ജൂലൈ 14 മുതൽ വീണ്ടും തുറന്ന് കൊടുത്തിരുന്നെങ്കിലും, അൽ മുഖ്സെയ്ൽ ബീച്ച് തുറന്നിരുന്നില്ല.

Cover Image: ROP.