രാജ്യത്തെ മൂല്യവർദ്ധിത നികുതിയുമായി (VAT) ബന്ധപ്പെട്ട രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു. വാർഷികാടിസ്ഥാനത്തിൽ ഒരു ദശലക്ഷം റിയാലിന്റെ വിതരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള, ടാക്‌സിനു കീഴിൽ വരുന്നവർക്കുള്ള, രജിസ്‌ട്രേഷൻ നടപടികൾ 2021 ഫെബ്രുവരി 1 മുതൽ മാർച്ച് 15 വരെ തുടരുമെന്നും അതോറിറ്റി വ്യക്തമാക്കി.
ഒമാൻ ന്യൂസ് ഏജൻസിയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്. വാർഷികാടിസ്ഥാനത്തിൽ 19250 റിയാലിന്റെ വിതരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് സ്വമേധയാ VAT രജിസ്‌ട്രേഷൻ നടപടികളിൽ പങ്കെടുക്കാമെന്നും അതോറിറ്റി അറിയിച്ചു. https://www.taxoman.gov.om/portal/web/taxportal/home എന്ന വിലാസത്തിൽ ഈ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്.
പിഴതുകകൾ ഒഴിവാക്കുന്നതിനായി നിശ്ചിത കാലയളവിൽ ഈ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാനും അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അതോറിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. 2021 ഏപ്രിൽ 16 മുതൽ രാജ്യത്ത് 5 ശതമാനം മൂല്യവർദ്ധിത നികുതി (VAT) പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ ടാക്സ് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു.