ഈ വർഷത്തെ ഈദുൽ ഫിത്ർ വേളയിൽ പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിബന്ധനകൾ സംബന്ധിച്ച് ഒമാൻ സുപ്രീം കമ്മിറ്റി അറിയിപ്പ് നൽകി. 2022 ഏപ്രിൽ 24-ന് രാത്രിയാണ് ഒമാൻ സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം രാജ്യത്ത് ഈദുൽ ഫിത്ർ പ്രാർത്ഥനകളിൽ പങ്കെടുക്കുന്നവർ രണ്ട് ഡോസ് COVID-19 വാക്സിൻ നിർബന്ധമായും സ്വീകരിച്ചിരിക്കണമെന്ന വ്യവസ്ഥ ബാധകമാക്കുന്നതായി കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഈദുൽ ഫിത്ർ പ്രാർത്ഥനകൾ നടക്കുന്ന മൈതാനങ്ങളിലേക്ക് വാക്സിനെടുക്കാത്തവർക്കും, 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കും പ്രവേശനം നൽകുന്നതല്ലെന്നും സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
ഇത്തരം പ്രാർത്ഥനകളിൽ പങ്കെടുക്കുന്നവർ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. പ്രാർത്ഥനകൾക്കെത്തുന്നവർ തമ്മിൽ സാമൂഹിക അകലം ഉറപ്പാക്കാനും, ഹസ്തദാനം, ആലിംഗനം മുതലായ അഭിവാദ്യ രീതികൾ ഒഴിവാക്കാനും കമ്മിറ്റി നിർദ്ദേശിച്ചു.
തുറസായ ഇടങ്ങളിൽ ഒഴികെ മാസ്കുകളുടെ ഉപയോഗം കൃത്യമായി പാലിക്കാൻ കമ്മിറ്റി നിർദ്ദേശനം നൽകിയിട്ടുണ്ട്. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും ആരോഗ്യകരമായ ശീലങ്ങൾ പാലിക്കാനും കമ്മിറ്റി ആഹ്വാനം ചെയ്തു. പൊതു ഇടങ്ങളിൽ വെച്ചുള്ള ഈദ് ആഘോഷങ്ങൾ, ഒത്ത് ചേരലുകൾ, സാമൂഹിക അഭിവാദ്യ ചടങ്ങുകൾ, ആൾക്കൂട്ടം എന്നിവയ്ക്ക് അനുമതിയില്ലെന്ന് കമ്മിറ്റി ജനങ്ങളെ ഓർമ്മപ്പെടുത്തി.