ഒമാനിലേക്ക് പ്രവേശിക്കുന്ന യാത്രികരുടെ യാത്രാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെ ക്വാറന്റീൻ കാലാവധി, COVID-19 പരിശോധനകൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങളിലാണ് മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്. നവംബർ 2, തിങ്കൾ മുതൽ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നിലവിൽ വരുന്നതാണ്.
ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ നവംബർ 1, ഞായറാഴ്ച്ച ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധമായ തീരുമാനമുണ്ടായത്. ഈ പുതിയ നിർദ്ദേശപ്രകാരം ഒമാനിലേക്ക് യാത്രചെയ്യുന്ന മുഴുവൻ യാത്രികർക്കും രാജ്യത്ത് പ്രവേശിക്കുന്നതിന് മുൻപായി, 96 മണിക്കൂറിനുള്ളിൽ നേടിയ COVID-19 PCR പരിശോധനാ ഫലങ്ങൾ നിർബന്ധമാണ്. ഇത്തരം യാത്രികർ ഒമാനിൽ പ്രവേശിച്ച ശേഷം വീണ്ടും ഒരു തവണകൂടി PCR ടെസ്റ്റ് നടത്തേണ്ടതാണ്.
ഇതിനു ശേഷം, ഇത്തരം യാത്രികർ 7 ദിവസത്തെ ക്വാറന്റീനിൽ തുടരേണ്ടതാണ്. ഇതുവരെ ഒമാനിൽ വിദേശത്തു നിന്നെത്തുന്നവർക്ക് 14 ദിവസത്തെ ക്വാറന്റീനാണ് നിർദേശിച്ചിരുന്നത്. സുപ്രീം കമ്മിറ്റി ഈ കാലാവധി പകുതിയാക്കി (7 ദിവസം) കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. 7 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കിയ ശേഷം, എട്ടാം ദിവസം ഒരു തവണ കൂടി PCR ടെസ്റ്റ് നടത്തേണ്ടതാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണം ഇത്തരം PCR പരിശോധനകൾ നടത്തേണ്ടത്. എട്ടാം ദിവസത്തെ പരിശോധനകളിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നവർക്ക് ക്വാറന്റീൻ അവസാനിപ്പിക്കാവുന്നതാണ്.
രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികരുടെ ആരോഗ്യ വിവരങ്ങൾ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം സമർപ്പിച്ച ഒരു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കമ്മിറ്റി യാത്രാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തിയത്. വിദേശത്ത് നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന യാത്രികരിൽ 75 ശതമാനത്തിൽ പരം ആളുകളിൽ രോഗലക്ഷണങ്ങൾ പ്രകടമാണെന്ന് ആരോഗ്യ മന്ത്രാലയം ഈ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.