രാജ്യത്തെ മുഴുവൻ കായിക മത്സരപരിപാടികളും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിർത്തലാക്കിയതായി ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ (GC) അറിയിച്ചു. ഈ തീരുമാനം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്നതായും, സ്പോർട്സ് ടൂർണമെന്റുകൾ ഉൾപ്പടെ എല്ലാത്തരം കായികമത്സര പരിപാടികൾക്കും ഇത് ബാധകമാണെന്നും GC വ്യക്തമാക്കി.
2021 ഏപ്രിൽ 1 മുതൽ എല്ലാ ഔദ്യോഗിക, സ്വകാര്യ സ്പോർട്സ് മത്സരങ്ങളും താത്‌കാലികമായി റദ്ദാക്കാനുള്ള സുപ്രീം കമ്മിറ്റിയുടെ കഴിഞ്ഞ ദിവസത്തെ തീരുമാനത്തെ തുടർന്നാണ് അധികൃതർ ഇക്കാര്യത്തിൽ വ്യക്തത നൽകിയത്. ഏപ്രിൽ 1-ന് രാത്രിയാണ് GC ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ തീരുമാനം തുടരുമെന്നും GC അറിയിച്ചു. കൂടുതൽ വ്യക്തത ലഭിക്കുന്നതിനായി താഴെ പറയുന്ന കാര്യങ്ങളാണ് സുപ്രീം കമ്മിറ്റിയുടെ ഈ തീരുമാനം സംബന്ധിച്ച് GC അറിയിച്ചത്.
- രാജ്യത്തെ സ്റ്റേഡിയങ്ങൾ, സ്പോർട്സ് മൈതാനങ്ങൾ എന്നിവിടങ്ങളിൽ നടക്കുന്ന എല്ലാ സ്പോർട്സ് ഇനങ്ങൾക്കും ഈ വിലക്ക് ബാധകമാണ്. കൃത്രിമ പുൽത്തകിടികളുള്ള മൈതാനങ്ങളിലെ മത്സരങ്ങൾക്കും ഈ വിലക്ക് ബാധകമാണ്.
- ഇൻഡോർ സ്പോർട്സ് ഹാൾ, ഇൻഡോർ ജിം മുതലായ ഇടങ്ങളിൽ സംഘടിപ്പിക്കുന്ന എല്ലാ മത്സരങ്ങളും വിലക്കിയിട്ടുണ്ട്.
രാജ്യത്തെ COVID-19 സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ മാർച്ച് 31-ന് ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സായിദ് ഹമൗദ് ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ മുഴുവൻ സ്വകാര്യ വിദ്യാലയങ്ങളിലും 2021 ഏപ്രിൽ 4 മുതൽ വിദ്യാർത്ഥികൾ നേരിട്ട് ഹാജരാകുന്ന പഠന രീതി താത്കാലികമായി നിർത്തലാക്കാനും, സർക്കാർ മേഖലയിലെ ഓഫീസുകളിലെ നേരിട്ട് ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം 50 ശതമാനമാക്കി നിയന്ത്രിക്കാനും തീരുമാനിച്ചിട്ടുണ്ട്.