2040-ഓടെ പതിനൊന്ന് ദശലക്ഷത്തിൽ പരം വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കി വരുന്നതായി ഒമാൻ ഹെറിറ്റേജ് ആൻഡ് ടൂറിസം മന്ത്രാലയം അറിയിച്ചു. ഇതിൽ അഞ്ച് ദശലക്ഷം അന്താരാഷ്ട്ര സഞ്ചാരികളെയും ഒമാൻ ലക്ഷ്യമിടുന്നു.
ഒമാൻ ഹെറിറ്റേജ് ആൻഡ് ടൂറിസം വകുപ്പ് മന്ത്രി H.E. സലേം ബിൻ മുഹമ്മദ് അൽ മഹ്റൂഖിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിസിറ്റ് ഒമാൻ പദ്ധതി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അടുത്ത രണ്ട് ദശാബ്ദങ്ങൾക്കിടയിൽ മേഖലയിലെ ഏറ്റവും ജനപ്രിയമായ സഞ്ചാരയിടങ്ങളിലൊന്നാക്കി മാറ്റുന്നതിനാണ് ടൂറിസം മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ അപൂര്‍വ്വമായ പ്രകൃതിക്കാഴ്ച്ചകൾ ഇതിന് ഏറെ സഹായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“രാജ്യത്ത് നിലനിൽക്കുന്ന അവസരങ്ങൾ ഉപയോഗിച്ച് കൊണ്ട് ഒമാനെ മേഖലയിലെ ഏറ്റവും പ്രിയങ്കരമായ ടൂറിസം ഇടങ്ങളിലൊന്നാക്കുന്നതിനായാണ് വിസിറ്റ് ഒമാൻ പദ്ധതി ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ പ്രവർത്തനങ്ങളെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്ന കണ്ണിയായാണ് വിസിറ്റ് ഒമാൻ എന്ന സംരംഭം ആരംഭിക്കുന്നത്.”, അദ്ദേഹം കൂട്ടിച്ചേർത്തു. ഒമാനിലെ ടൂറിസം മേഖലയിൽ പ്രാദേശികമായതും, വിദേശത്തുനിന്നുള്ളതുമായ നിക്ഷേപങ്ങൾ സമാഹരിക്കുന്നതിനും, ഒമാനിലെ വിനോദസഞ്ചാരമേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതിനും വിസിറ്റ് ഒമാൻ എന്ന സംരംഭം ഏറെ പ്രയോജനകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
http://visitoman.om/ എന്ന വിലാസത്തിൽ വിസിറ്റ് ഒമാൻ പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റ് ലഭ്യമാണ്. ഒമാൻ ടൂറിസം ഡെവലപ്മെന്റ് കമ്പനി, ഒമാൻ ഹെറിറ്റേജ് ആൻഡ് ടൂറിസം മന്ത്രാലയം എന്നിവർ സംയുകതമായാണ് ഈ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. രാജ്യത്തെ ടൂറിസം മേഖലയിലെ ഹോട്ടലുകൾ, യാത്രാ സംവിധാനങ്ങൾ, ഭക്ഷണശാലകൾ, പാക്കേജുകൾ മുതലായ വിവിധ സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള ഒരു ഡിജിറ്റൽ പ്രതലം എന്ന രീതിയിലാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്.
Photo: Oman News Agency