ആദ്യ ഘട്ട VAT ടാക്സ് റിട്ടേൺ സ്വീകരിക്കുന്ന നടപടികൾക്ക് 2021 ജൂലൈ 1 മുതൽ ഒമാൻ ടാക്സ് അതോറിറ്റി തുടക്കമിട്ടതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സ്ഥാപനങ്ങൾക്ക് ഒമാൻ ടാക്സ് അതോറിറ്റിയുടെ വെബ്സൈറ്റിലൂടെ ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാവുന്നതാണ്.
വെബ്സൈറ്റിലൂടെ ജൂലൈ 1 മുതൽ മുപ്പത് ദിവസത്തേക്ക് VAT ടാക്സ് റിട്ടേൺ സ്വീകരിക്കുന്നതാണ്. VAT രജിസ്‌ട്രേഷൻ പൂർത്തിയാക്കിയിട്ടുള്ളവർ കാൽവർഷത്തെ VAT ടാക്സ് റിട്ടേണാണ് നൽകേണ്ടത്.
ഒമാനിൽ ടാക്സ് റിട്ടേൺ സമർപ്പിക്കേണ്ടതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സംബന്ധിച്ച് ടാക്സ് അതോറിറ്റി നേരത്തെ അറിയിപ്പ് നൽകിയിരുന്നു. പിഴതുകകൾ ഒഴിവാക്കുന്നതിനായി ടാക്സ് റിട്ടേൺ സമർപ്പിക്കുന്ന നടപടികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ അതോറിറ്റി ആഹ്വാനം ചെയ്തു. ടാക്സ് റിട്ടേൺ സമർപ്പിക്കാതിരിക്കുക, തെറ്റായ വിവരങ്ങൾ സമർപ്പിക്കുക മുതലായ പ്രവർത്തികൾക്ക് ഒരു വർഷം വരെ തടവും, 5000 മുതൽ 20000 റിയാൽ വരെ പിഴയും ചുമത്താവുന്നതാണെന്ന് അതോറിറ്റി ഓർമ്മപ്പെടുത്തി.