ഒമാൻ: പ്രവാസി നിക്ഷേപകർക്ക് 2021 സെപ്റ്റംബർ മുതൽ ദീർഘകാലാടിസ്ഥാനത്തിലുള്ള റെസിഡൻസി വിസകൾ അനുവദിക്കും

featured GCC News

2021 സെപ്റ്റംബർ മുതൽ പ്രവാസി നിക്ഷേപകർക്ക് രാജ്യത്ത് ദീർഘകാലാടിസ്ഥാനത്തിലുള്ള റെസിഡൻസി വിസകൾ അനുവദിക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിച്ചു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വിദേശ നിക്ഷേപകർക്ക് അഞ്ച് വർഷത്തെയും, പത്ത് വർഷത്തെയും കാലാവധിയുള്ള വിസകൾ അനുവദിക്കുന്നതിനാണ് ഒമാൻ തീരുമാനിച്ചിട്ടുള്ളത്. രാജ്യത്തെ വിവിധ വാണിജ്യ, വ്യാവസായിക പ്രവർത്തനങ്ങളിൽ നിക്ഷേപം നടത്തുന്ന വിദേശികൾക്ക് മന്ത്രാലയത്തിന്റെ ഓൺലൈൻ സംവിധാനങ്ങളിലൂടെ ഈ ആനുകൂല്യം നേടാവുന്നതാണ്.

രാജ്യത്തെ വിവിധ വാണിജ്യ, വ്യാവസായിക പ്രവർത്തനങ്ങളിൽ നിക്ഷേപം നടത്തുന്ന പ്രവാസികൾക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള വിസകൾ അനുവദിക്കുന്ന പദ്ധതിക്ക് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് 2021 മാർച്ചിൽ അംഗീകാരം നൽകിയിരുന്നു. നിബന്ധനകൾ പാലിച്ച് കൊണ്ട് ഇത്തരം ദീർഘകാലാടിസ്ഥാനത്തിലുള്ള വിസകളുടെ കാലാവധി പുതുക്കുന്നതിനുള്ള സൗകര്യവും മന്ത്രാലയം അനുവദിച്ചിട്ടുണ്ട്.