2021 ഏപ്രിൽ മുതൽ രാജ്യത്ത് 5 ശതമാനം മൂല്യവർദ്ധിത നികുതി (VAT) ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് (GC) അറിയിച്ചു. ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് ഇത് സംബന്ധിച്ച ഉത്തരവ് ഒക്ടോബർ 12-ന് പുറത്തിറക്കിയിരുന്നു.
ഇത് സംബന്ധിച്ച ‘121/2020’ എന്ന ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 180 ദിവസങ്ങൾക്ക് ശേഷമാണ് ഈ നിയമം പ്രാബല്യത്തിൽ വരുന്നത്. അവശ്യ ഭക്ഷണ സാധനങ്ങൾ, ആരോഗ്യ പരിചരണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ ഈ നികുതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. VAT ഒഴിവാക്കിയിട്ടുള്ള സേവനങ്ങളുടെ പട്ടിക GC പുറത്തുവിട്ടിട്ടുണ്ട്.
ഒമാനിൽ VAT ഒഴിവാക്കിയിട്ടുള്ള മേഖലകൾ:
- അവശ്യ ഭക്ഷണ സാധനങ്ങൾ.
- ആരോഗ്യ പരിചരണ മേഖലയിലെ സേവനങ്ങൾ.
- വിദ്യാഭ്യാസ മേഖല.
- സാമ്പത്തിക സേവന മേഖല.
- ശൂന്യമായ ഭൂമിയുടെ ഇടപാടുകൾ.
- പാര്‍പ്പിടങ്ങളുടെ കൈമാറ്റം.
- യാത്രികർക്കുള്ള ഗതാഗത സേവനങ്ങൾ.
- പാർപ്പിട ആവശ്യത്തിനായി വസ്തു വാടകയ്ക്ക് എടുക്കുന്നത്.
- മരുന്ന്, മെഡിക്കൽ സാമഗ്രികൾ എന്നിവയുടെ വിതരണം.
- നിക്ഷേപ ആവശ്യങ്ങൾക്കായി സ്വർണ്ണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ വിതരണം.
- അന്താരാഷ്ട്ര തലത്തിലുള്ള ഗതാഗത സേവനങ്ങൾ.
- രക്ഷാപ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്ന വിമാനങ്ങൾ, കപ്പലുകൾ എന്നിവയുടെ വിതരണം.
- ക്രൂഡ് ഓയിൽ, പെട്രോളിയം, പ്രകൃതി വാതകങ്ങൾ എന്നിവയുടെ വിതരണം.
VAT നടപ്പിലാകുന്നതോടെ GCC രാജ്യങ്ങളിൽ ഈ നികുതി ഏർപ്പെടുത്തുന്ന നാലാമത്തെ രാജ്യമാകും ഒമാൻ. നിലവിൽ സൗദി അറേബ്യ, യു എ ഇ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ VAT നടപ്പിലാക്കിയിട്ടുണ്ട്.