ഒമാൻ: 2022 ജനുവരി മുതൽ സീബ് മാർക്കറ്റിലെ വാണിജ്യ പ്രവർത്തനങ്ങൾ ഒമാൻ പൗരമാർക്ക് മാത്രമാക്കി പരിമിതപ്പെടുത്താൻ തീരുമാനം

Oman

2022 ജനുവരി 1 മുതൽ സീബ് സെൻട്രൽ മാർക്കറ്റിലെ വാണിജ്യ പ്രവർത്തനങ്ങൾ ഒമാൻ പൗരന്മാർക്ക് മാത്രമാക്കി നിയന്ത്രിക്കാൻ തീരുമാനിച്ചതായി മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു. വിവിധ മേഖലകളിൽ പ്രവാസികൾക്ക് പകരമായി ഒമാൻ പൗരന്മാരെ നിയമിക്കുന്നതിനായുള്ള സ്വദേശിവത്കരണ നയത്തിന്റെ ഭാഗമായാണ് മുൻസിപ്പാലിറ്റി ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.

https://twitter.com/M_Municipality/status/1407294764639309827

ജൂൺ 22-നാണ് മസ്കറ്റ് മുൻസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ തീരുമാനം ഒമാൻ പൗരന്മാരിലെ യുവാക്കൾക്ക് വാണിജ്യ മേഖലയിൽ കൂടുതൽ ഉയർന്ന സാധ്യതകൾ തുറന്ന് കൊടുക്കാൻ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി, 2022 ജനുവരി 1 മുതൽ സീബ് സെൻട്രൽ മാർക്കറ്റിലെ മുഴുവൻ വാണിജ്യ പ്രവർത്തനങ്ങളും ഒമാൻ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതാണ്. നിലവിൽ സീബ് സെൻട്രൽ മാർക്കറ്റിൽ വാണിജ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന് മസ്കറ്റ് മുനിസിപ്പാലിറ്റിയുമായി കരാറിലേർപ്പെട്ടിട്ടുള്ളവർ 2022 ജനുവരി 1-ന് മുൻപായി ഇത്തരം കരാറുകൾ സംബന്ധിച്ച് അധികൃതരുമായി ബന്ധപ്പെടേണ്ടതാണ്.