ഒമാൻ: സായുധസേനാ മ്യൂസിയം ഡിസംബർ 6 മുതൽ തുറക്കും

Oman

ഒമാനിലെ സായുധസേനാ മ്യൂസിയം ഇന്ന് (ഡിസംബർ 6, ഞായറാഴ്ച്ച) മുതൽ സന്ദർശകർക്ക് തുറന്ന് കൊടുക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ മ്യൂസിയം അടച്ചിട്ടിരിക്കുകയായിരുന്നു.

ഡിസംബർ 6, ഞായറാഴ്ച്ച മുതൽ ദിനവും രാവിലെ 8:00 മണി മുതൽ ഉച്ചയ്ക്ക് 1:30 വരെ സന്ദർശകർക്ക് സായുധസേനാ മ്യൂസിയത്തിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് പ്രതിരോധ മന്ത്രാലയം പുറത്ത് വിട്ട അറിയിപ്പിൽ പറയുന്നു. കർശനമായ COVID-19 പ്രതിരോധ നിർദ്ദേശങ്ങളോടെയാണ് ഡിസംബർ 6 മുതൽ സായുധസേനാ മ്യൂസിയം സന്ദർശകരെ പ്രവേശിപ്പിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

1988-ൽ ആരംഭിച്ച ഈ മ്യൂസിയം ആയുധങ്ങൾ, ചരിത്രരേഖകൾ തുടങ്ങിയ സൈനികസംബന്ധിയായ നിരവധി പ്രദർശനവസ്തുക്കളാൽ സമ്പന്നമാണ്. ഇവിടെ എത്തുന്ന സന്ദർശകർക്ക് സൈനിക വാഹനങ്ങൾ, ടാങ്കുകൾ, കപ്പലുകൾ, വിമാനങ്ങൾ തുടങ്ങി നിരവധി സൈനിക ഉപകരണങ്ങളെ അടുത്തറിയാൻ അവസരമൊരുങ്ങുന്നു.

ഡിസംബർ 1 മുതൽ രാജ്യത്തെ സാമൂഹിക, വാണിജ്യ, വ്യാവസായിക മേഖലകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തെ തുടർന്ന് ഒമാനിലെ നാഷണൽ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിരുന്നു.