2021 ഫെബ്രുവരി 15 മുതൽ വിദേശരാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും നിർബന്ധമാക്കിയിട്ടുള്ള ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നടപടികളിൽ ഇളവനുവദിച്ചിട്ടുള്ള വിഭാഗങ്ങളുടെ പട്ടികയിൽ ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി മാറ്റങ്ങൾ വരുത്തി. ഫെബ്രുവരി 22-നാണ് അതോറിറ്റി ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നൽകിയത്.
ക്വാറന്റീൻ നടപടികളിൽ അനുവദിച്ചിട്ടുള്ള ഇളവുകൾ സംബന്ധിച്ച് രാജ്യത്ത് പ്രവർത്തിക്കുന്ന വിമാനകമ്പനികൾക്ക് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടുണ്ട്.
2021 ഫെബ്രുവരി 15, തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണി മുതൽ ഒമാനിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും ക്വാറന്റീൻ നടപടികൾക്കായി ചുരുങ്ങിയത് ഏഴ് ദിവസത്തെ മുൻകൂർ ഹോട്ടൽ ബുക്കിംഗ് നിർബന്ധമാണെന്ന് സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശത്തെത്തുടർന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. ഫെബ്രുവരി 15 മുതൽ ഒമാനിലേക്ക് പ്രവേശിക്കുന്ന എല്ലാ വിമാനസർവീസുകളിലും ഇത്തരം മുൻകൂർ ഹോട്ടൽ ബുക്കിംഗ് ഉള്ള യാത്രികർക്ക് മാത്രമായിരിക്കും യാത്രാനുമതി ഉണ്ടായിരിക്കുക എന്നും അതോറിറ്റി വ്യക്തമാക്കിയിരുന്നു.
ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നടപടികളിൽ കുട്ടികളും, പ്രായമായവരുമുൾപ്പടെ ഏതാനം വിഭാഗങ്ങൾക്ക് ഇളവ് അനുവദിച്ചതായി ഫെബ്രുവരി 16-ന് അതോറിറ്റി അറിയിച്ചിരുന്നു. ഇപ്പോൾ ഫെബ്രുവരി 22-ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ പുതിയ അറിയിപ്പ് പ്രകാരം താഴെ പറയുന്ന വിഭാഗങ്ങൾക്കാണ് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നടപടികളിൽ ഇളവ് അനുവദിച്ചിരിക്കുന്നത്.
- ഒമാനിലെ നയതന്ത്രകാര്യാലയങ്ങളിൽ ജോലിചെയ്യുന്ന നയതന്ത്രജ്ഞർ, ഒമാൻ സന്ദർശിക്കുന്ന നയതന്ത്രജ്ഞർ, ഇവരുടെ കുടുംബാംഗങ്ങൾ.
- ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾ.
- 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ.
- ഒമാനിലേക്ക് പ്രവേശിക്കുന്ന വിമാനങ്ങളിലെ ജീവനക്കാർ.
- ഒമാനിലെ ആരോഗ്യ വകുപ്പുകളിൽ നിന്ന് രേഖാമൂലം പ്രത്യേക അനുവാദം നേടിയിട്ടുള്ള ആരോഗ്യപ്രശ്നങ്ങളുള്ള യാത്രികർ. ഇത്തരം രോഗബാധിതരായ യാത്രികർ സ്ത്രീകളോ, 18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളോ ആണെങ്കിൽ ഇവർക്കൊപ്പം 2 സഹയാത്രികർക്കും ഈ ഇളവ് അനുവദിക്കുന്നതാണ്. 18 വയസ്സിന് മുകളിൽ പ്രായമുള്ള രോഗബാധിതരായ ഇത്തരത്തിലുള്ള പുരുഷന്മാരോടൊപ്പം ഒരു സഹയാത്രികനും ഇളവ് നൽകുന്നതാണ്.
- ഒമാനിലെ റിലീഫ് ആൻഡ് ഷെൽട്ടർ വിഭാഗം അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ കേന്ദ്രങ്ങളിലെ പെർമിറ്റുകളുള്ളവർ.
- ഒമാൻ തുറമുഖങ്ങളിലോ, കടലിലോ നങ്കൂരമിട്ടിട്ടുള്ള കപ്പലുകളിലെ ജീവനക്കാർക്ക് താമസിക്കുന്നതിനുള്ള ഹോട്ടൽ സൗകര്യങ്ങൾ ഷിപ്പിംഗ് കമ്പനി ഒരുക്കേണ്ടതാണ്.