രാജ്യത്ത് പ്രവർത്തിക്കുന്ന ഓൺലൈൻ സ്റ്റോറുകൾ മാറൂഫ് ഒമാൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് മിനിസ്ട്രി ഓഫ് കോമേഴ്‌സ് ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻസ് (MoCIIP) അറിയിച്ചു.
2024 ഓഗസ്റ്റ് 5-നാണ് ഇ-കോമേഴ്‌സ് മേഖലയിലെ വ്യാപാരികളോട് തങ്ങളുടെ ഓൺലൈൻ സ്റ്റോറുകൾ ഈ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാൻ MoCIIP ആഹ്വാനം ചെയ്തത്. ഇത്തരം സ്റ്റോറുകൾ മാറൂഫ് ഒമാൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണമെന്നും, അവയുടെ സാധുത ഇത് വഴി ഉറപ്പ് വരുത്തണമെന്നും MoCIIP ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ സംവിധാനത്തിലൂടെ ഇ-കോമേഴ്‌സ് ഉപഭോക്താക്കൾക്ക് (വിൽപനക്കാർ, വാങ്ങുന്നവർ തുടങ്ങിയവർ ഉൾപ്പടെ) ഇലക്ട്രോണിക് സ്റ്റോറുകളുടെ വിവരം ഡിജിറ്റൽ മാർഗത്തിൽ രേഖപ്പെടുത്തുന്നതിനും, അവ സംബന്ധിച്ച പ്രവർത്തന വിവരങ്ങൾ പങ്ക് വെക്കുന്നതിനും സാധിക്കുന്നതാണ്. ഇത്തരം ഇലക്ട്രോണിക് സ്റ്റോറുകളുടെ ഒരു ഡാറ്റാബേസ് എന്ന രീതിയിലാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.
ഇ-കോമേഴ്‌സ് വ്യാപാരികൾക്ക് https://maroof.om/ എന്ന വിലാസത്തിൽ മർച്ചന്റ് അക്കൗണ്ട് നിർമ്മിച്ച് കൊണ്ട് ഈ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. തുടർന്ന് ഇവർക്ക് തങ്ങളുടെ സ്റ്റോർ തങ്ങളുടെ കൊമേർഷ്യൽ രജിസ്റ്ററിയുമായി ബന്ധിപ്പിച്ച് കൊണ്ട് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്.
Cover Image: Pixabay.