തൊഴിൽ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ ഒമാൻ ഊർജ്ജ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

GCC News

ജോലി വാഗ്‌ദാനം ചെയ്തു കൊണ്ടുള്ള വിവിധ തട്ടിപ്പുകളെക്കുറിച്ച് തൊഴിലന്വേഷകർക്ക് ഒമാൻ മിനിസ്ട്രി ഓഫ് എനർജി ആൻഡ് മിനറൽസ് മുന്നറിയിപ്പ് നൽകി. ഓൺലൈനിലൂടെ നടക്കുന്ന തൊഴിൽ തട്ടിപ്പുകൾ രാജ്യത്ത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

ഓൺലൈനിലൂടെയും മറ്റും ലഭിക്കുന്ന വിവിധ തൊഴിലവസരങ്ങൾ സംബന്ധിച്ച് ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ ഉറപ്പ് വരുത്താനും, ഇത്തരം അവസരങ്ങളുടെ വിവരങ്ങൾ ലഭിക്കുന്നതിനായി ഔദ്യോഗിക സ്രോതസ്സുകളെ പിന്തുടരാനും മന്ത്രാലയം തൊഴിലന്വേഷകരോട് നിർദ്ദേശിച്ചു. ഒമാനിലെ ഓയിൽ, ഗ്യാസ് മേഖലകളിലെ തൊഴിലവസരങ്ങളുടെ വിവരങ്ങൾ തൊഴിൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ അല്ലെങ്കിൽ https://www.petrojobs.om/en-us/Pages/Home.aspx എന്ന വിലാസത്തിൽ നിന്നോ ലഭ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

തൊഴിൽ സംബന്ധമായി ലഭിക്കുന്ന സംശയകരമായ ഓൺലൈൻ വിലാസങ്ങളോ, ലിങ്കുകളോ തുറക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഔദ്യോഗിക സ്രോതസ്സുകളുടേതെന്ന് തോന്നിക്കുന്ന വിലാസങ്ങൾ ഉപയോഗിച്ച്, സമൂഹ മാധ്യമങ്ങൾ, ഇമെയിൽ എന്നിവ മുഖേനെ ലഭിക്കുന്ന തൊഴിൽ വാഗ്‌ദാനം ചെയ്തു കൊണ്ടുള്ള സന്ദേശങ്ങളെക്കുറിച്ച് എപ്പോഴും ജാഗ്രത പുലർത്താനും മന്ത്രാലയം ആവശ്യപ്പെട്ടു.