യു എ ഇയുടെ അമ്പതാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ITC) അറിയിച്ചു. നവംബർ 29-നാണ് ITC ഈ അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, ബഹുനില കെട്ടിടങ്ങളിലെ പാർക്കിംഗ് ഇടങ്ങളൊഴികെയുള്ള എല്ലാ മവാഖിഫ് പാർക്കിംഗ് ബേകളിലും 2021 ഡിസംബർ 1, ബുധനാഴ്ച്ച 12 am മുതൽ ഡിസംബർ 4, ശനിയാഴ്ച്ച 7:59 am വരെ പാർക്കിംഗ് ഫീസ് ഒഴിവാക്കിയിട്ടുണ്ടെന്ന് ITC വ്യക്തമാക്കിയിട്ടുണ്ട്. ഈ കാലയളവിൽ മുസഫ ഇൻഡസ്ട്രിയൽ ഏരിയയിലെ M18 പാർക്കിംഗ് ലോട്ടിലും പാർക്കിംഗ് സൗജന്യമായിരിക്കും.
പാർക്കിങ്ങിന് അനുമതിയില്ലാത്ത ഇടങ്ങളിൽ വാഹനങ്ങൾ നിർത്തിയിടരുതെന്നും ITC ആവശ്യപ്പെട്ടിട്ടുണ്ട്. റസിഡന്റ് പാർക്കിംഗ് സമയക്രമങ്ങൾ (ദിനവും രാത്രി 9 മുതൽ രാവിലെ 8 വരെ) പാലിക്കാനും ITC ആവശ്യപ്പെട്ടു.
യു എ ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 2021 ഡിസംബർ 1, ബുധനാഴ്ച്ച 12 am മുതൽ ഡിസംബർ 4, ശനിയാഴ്ച്ച രാവിലെ വരെ DARB ടോൾ ഒഴിവാക്കി നൽകുമെന്നും ITC അറിയിച്ചിട്ടുണ്ട്. ഡിസംബർ 4, ശനിയാഴ്ച്ച ടോൾ ബാധകമാക്കുന്ന കാലത്ത് 7 മണി മുതൽ ഈ ഫീ ഈടാക്കുന്നതാണ്.
പൊതുഗതാഗത ബസുകൾ വെള്ളിയാഴ്ച്ചകളിലെ സമയക്രമം പാലിച്ച് കൊണ്ടും ഫെറി സേവനങ്ങൾ സാധാരണ സമയക്രമത്തിലും സർവീസ് നടത്തുന്നതാണ്. കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങൾ ഡിസംബർ 5 വരെ അവധിയായിരിക്കും.