2021 ഓഗസ്റ്റ് 27 മുതൽ അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവർ, യാത്രാ തീയതിക്ക് അഞ്ച് ദിവസം മുൻപ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ICA) ഓൺലൈൻ സംവിധാനത്തിലുള്ള രജിസ്ട്രേഷൻ നിർബന്ധമായും പൂർത്തിയാക്കേണ്ടതാണെന്ന് ഇത്തിഹാദ് അറിയിച്ചു. ഇത്തിഹാദ് തങ്ങളുടെ വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഏറ്റവും പുതിയ യാത്രാ നിബന്ധനകളിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
“ഓഗസ്റ്റ് 27 മുതൽ അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവർ, തങ്ങളുടെ വിമാനയാത്രാ തീയതിയുടെ ചുരുങ്ങിയത് അഞ്ച് ദിവസം മുൻപെങ്കിലും ICA സ്മാർട്ട് ട്രാവൽ സർവീസ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. 2021 ഓഗസ്റ്റ് 27-നോ, അതിന് മുൻപോ അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവർ എത്രയും പെട്ടന്ന് ഈ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് ഇതിൽ ഇളവ് അനുവദിക്കുന്നത്.”, ഇത്തിഹാദ് നൽകിയിട്ടുള്ള യാത്രാ നിബന്ധനകളിൽ വ്യക്തമാക്കുന്നു. https://www.etihad.com/en-in/travel-updates/abu-dhabi-travel-information എന്ന വിലാസത്തിൽ ഇത്തിഹാദ് നൽകിയിട്ടുള്ള യാത്രാ നിർദ്ദേശങ്ങൾ ലഭ്യമാണ്.
https://smartservices.ica.gov.ae/echannels/web/client/default.html#/login എന്ന വിലാസത്തിൽ ICA സ്മാർട്ട് ട്രാവൽ സർവീസ് രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. യു എ ഇ പൗരന്മാർ, യു എ ഇ റെസിഡൻസി വിസക്കാർ, വിസ ഓൺ അറൈവൽ അർഹതയുള്ളവർ എന്നീ വിഭാഗങ്ങൾക്ക് അബുദാബിയിലേക്ക് യാത്രാനുമതി ഉണ്ടെന്നും ഇത്തിഹാദ് അറിയിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികൾക്ക് അബുദാബിയിൽ നിന്നുള്ള ടൂറിസ്റ്റ് വിസ നിർബന്ധമാണ്.
എല്ലാ യാത്രികരും ICA സ്മാർട്ട് ട്രാവൽ സർവീസ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതും, യാത്ര പുറപ്പെടുന്നതിന് മുൻപ് ഒരു PCR ടെസ്റ്റ് നടത്തേണ്ടതുമാണ്. COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരും, Al Hosn ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവരുമായ ആളുകൾക്ക് മാത്രമാണ് അബുദാബിയിലെ പൊതു ഇടങ്ങളിലേക്ക് പ്രവേശനം നൽകുന്നത്.
അബുദാബിയിലേക്ക് യാത്രചെയ്യുന്നവർ Al Hosn ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ലഭിക്കുന്നതിന് താഴെ പറയുന്ന നടപടിക്രമങ്ങൾ പാലിക്കേണ്ടതാണ്:
- അബുദാബിയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപായി, ICA ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റിൽ യാത്രാ തീയതിക്ക് അഞ്ച് ദിവസം മുൻപെങ്കിലും രജിസ്റ്റർ ചെയ്യേണ്ടതാണ്.
- യാത്രികർക്ക് അബുദാബിയിലെത്തിയ ശേഷം, എയർപോർട്ടിൽ നിന്നോ, ICA ആപ്പിലൂടെയോ, വെബ്സൈറ്റിലൂടെയോ ഒരു യൂണിഫൈഡ് ഐഡന്റിഫിക്കേഷൻ നമ്പർ (UID) നേടാവുന്നതാണ്.
- യാത്രികർക്ക് തങ്ങളുടെ UID നമ്പർ, ICA രെജിസ്ട്രേഷനിൽ ഉപയോഗിച്ച ഫോൺ നമ്പർ എന്നിവ നൽകിക്കൊണ്ട് Alhosn ആപ്പിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. തുടർന്ന് ലഭിക്കുന്ന OTP നൽകിക്കൊണ്ട് Alhosn ആപ്പിലെ രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്.
- ഈ നടപടികൾ പൂർത്തിയാക്കുന്നവർക്ക്, അബുദാബിയിലെത്തിയ ശേഷം PCR ടെസ്റ്റിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്ന സാഹചര്യത്തിൽ Al Hosn ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ലഭിക്കുന്നതാണ്.
യാത്രികർക്ക് അബുദാബിയിൽ ഹോട്ടലുകൾ, റെസ്റ്ററന്റുകൾ, മാളുകൾ തുടങ്ങിയ ഇടങ്ങളിൽ പ്രവേശിക്കുന്നതിന് വാക്സിനേഷൻ സ്റ്റാറ്റസ് തെളിയിക്കുന്നതിനായി Al Hosn ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് ഉപയോഗിക്കാവുന്നതാണ്.
വിദേശരാജ്യങ്ങളിൽ നിന്ന് എമിറേറ്റിലേക്ക് യാത്ര ചെയ്യുന്നവർക്ക് വിദേശത്ത് നിന്നെടുത്തിട്ടുള്ള COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ ആധികാരികത തെളിയിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അബുദാബി അധികൃതർ നേരത്തെ അറിയിച്ചിട്ടുണ്ട്.
Cover Photo: WAM