അബുദാബിയിലുടനീളമുള്ള എല്ലാ BLS കേന്ദ്രങ്ങളിലും, പാസ്സ്‌പോർട്ട് സേവനങ്ങൾക്കായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ജൂലൈ 15, ബുധനാഴ്ച്ച മുതൽ ഒഴിവാക്കുമെന്ന് ഇന്ത്യൻ എംബസ്സി അറിയിച്ചു. ജൂലൈ 15 മുതൽ ഇത്തരം സേവനങ്ങൾ സാധാരണ നിലയിൽ അപേക്ഷകർക്ക് ലഭ്യമാകുന്നതാണ്.
കൊറോണ വൈറസ് സാഹചര്യത്തിൽ, എമിറേറ്റിൽ നിലനിന്നിരുന്ന വിവിധ നിബന്ധനകൾ ഒഴിവാക്കിയതിന്റെ പശ്ചാത്തലത്തിലാണ്, ആരോഗ്യ സുരക്ഷയുടെ ഭാഗമായി BLS സേവനകേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇതോടെ COVID-19 വ്യാപനവുമായി ബന്ധപ്പെട്ട്, എംബസി മാർച്ച് 19-നു പുറത്തിറക്കിയ ആദ്യ അറിയിപ്പിനു മുൻപ് ഉണ്ടായിരുന്ന നിലയിലേക്ക് സേവനങ്ങൾ തിരികെ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിപ്പിൽ വ്യക്തമാക്കുന്നു.
എന്നാൽ 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ, 12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾ, ഗർഭിണികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക്, പാസ്സ്‌പോർട്ട് സേവനങ്ങൾക്കായി BLS കേന്ദ്രങ്ങളിൽ നേരിട്ടെത്തുന്നതിനു ജൂൺ 17 മുതൽ എംബസി നൽകിയ ഇളവുകൾ തുടരാൻ തീരുമാനിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ ഇളവുകൾ തുടരും.
സേവനകൾക്കായി അബുദാബി, അൽ ഐൻ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ എത്തുന്നവരോട് സമൂഹ അകലം, മാസ്കുകൾ, കയ്യുറകൾ മുതലായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ എംബസി ആഹ്വാനം ചെയ്‌തു.