അറബ് കപ്പുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കാനെത്തുന്നവർക്കായി കോർണിഷ് സ്ട്രീറ്റിൽ കാൽനടക്കാർക്ക് മുറിച്ച് കടക്കുന്നതിനുള്ള ഏഴ് പ്രത്യേക നടപ്പാതകൾ തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. കോർണിഷ് ക്ലോഷർ കമ്മിറ്റി സാങ്കേതിക വിഭാഗം തലവൻ ഫസ്റ്റ് ലെഫ്റ്റനന്റ് ഖാലിദ് അൽ മുല്ലയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഖത്തറിൽ വെച്ച് നടക്കുന്ന 2021 ഫിഫ അറബ് കപ്പുമായി ബന്ധപ്പെട്ട് ഫുട്ബോൾ ആരാധകർക്കായൊരുക്കുന്ന വിവിധ പരിപാടികൾ കണക്കിലെടുത്ത് നവംബർ 26 മുതൽ ഡിസംബർ 4 വരെ കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്ക്സ് അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ ഗതാഗത നിയന്ത്രണം ഫുട്ബോൾ ആരാധകർക്കായൊരുക്കുന്ന വിവിധ പരിപാടികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള് ഏർപ്പെടുത്തുന്നതിനാണെന്നും, റോഡിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനല്ലെന്നും ഖാലിദ് അൽ മുല്ല വ്യക്തമാക്കി.
അതിനാൽ കോർണിഷ് സ്ട്രീറ്റിലെ കാൽനടക്കാർക്ക് റോഡ് മുറിച്ച് കടക്കുന്നതിനുള്ള എല്ലാ നടപ്പാതകളും തുറന്ന് കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് പുറമെ കോർണിഷ് സ്ട്രീറ്റിലേക്ക് എത്തുന്നവർക്കായി പ്രത്യേക കോർണിഷ് ബസ് സർവീസ് ഏർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. ഈ ബസുകൾ ഓരോ 15 മിനിറ്റ് ഇടവേളകളിലും സൂക്ക് വാഖിഫിൽ നിന്ന് ഷെറാട്ടണിലേക്കും, തിരികെയും സർവീസ് നടത്തുന്നതാണ്.
ഈ ബസുകൾക്ക് പതിനൊന്ന് സ്റ്റോപ്പുകൾ ഉണ്ടാകുമെന്നും ഇവയിലെത്തുന്നവർക്ക് കോർണിഷ് സ്ട്രീറ്റ് മുറിച്ച് കടക്കുന്നതിനായി കാൽനടക്കാർക്കുള്ള ഏഴ് പാതകൾ ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു വാഹനങ്ങളിലെത്തുന്നവർക്കായി കോർണിഷ് മേഖലയിലുടനീളം പ്രത്യേക എൻട്രി, എക്സിറ്റ് സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതാണ്.
2021 ഫിഫ അറബ് കപ്പ് ടൂർണമെന്റ് നടക്കുന്ന പശ്ചാത്തലത്തിൽ ഖത്തർ ടൂറിസം ആരാധകർക്കും, സന്ദർശകർക്കുമായി പതിനൊന്നാമത് ഖത്തർ അന്താരാഷ്ട്ര ഫുഡ് ഫെസ്റ്റിവൽ ഉൾപ്പടെ നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. താത്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാലയളവിൽ മെട്രോ, ബസ് തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്താൻ അധികൃതർ ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം കോർണിഷ് സ്ട്രീറ്റിൽ നിന്ന് അൽ റുമൈല സ്ട്രീറ്റിലേക്ക് തിരിയുന്ന ഇടത് വശത്തേക്കുള്ള പാത, കോർണിഷ് സ്ട്രീറ്റിൽ നിന്ന് മുഹമ്മദ് ബിൻ താനി സ്ട്രീറ്റിലേക്കുള്ള പാത എന്നിവ ഡിസംബർ 8 വരെ അടച്ചിടുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നവംബർ 22-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഇതുമായി ബന്ധപ്പെട്ട ഒരു മാപ്പ് ഖത്തർ ആഭ്യന്തര മന്ത്രാലയം പങ്ക് വെച്ചിട്ടുണ്ട്.
ഈ മേഖലയിലെ ട്രാഫിക് അറിയിപ്പുകൾ കർശനമായി പാലിക്കാനും, വേഗതാ നിർദ്ദേശങ്ങൾ അനുസരിക്കാനും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.