സൗദി അറേബ്യ: സ്വകാര്യ സ്ഥാപനങ്ങൾക്ക് വസ്ത്രധാരണരീതി സംബന്ധിച്ചുള്ള നയം രൂപീകരിക്കാൻ നിർദ്ദേശം

GCC News

രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക്, തങ്ങളുടെ ജീവനക്കാർക്കിടയിൽ വസ്ത്രധാരണരീതി സംബന്ധമായ ചട്ടങ്ങൾ രൂപീകരിക്കാൻ, സൗദി അധികൃതർ നിർദ്ദേശം നൽകി. സൗദി ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് വകുപ്പ് മന്ത്രി എൻജിനീയർ ആഹ്മെദ് അൽ രജ്‌ഹി സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകിയ ഉത്തരവിലാണ് മുഴുവൻ ജീവനക്കാർക്കിടയിലും വസ്ത്രധാരണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പ്രാവർത്തികമാക്കാൻ നിർദ്ദേശം നൽകിയിട്ടുള്ളത്.

തൊഴില്‍ നൈതികത ക്രമപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള, സൗദിയിലെ തൊഴിൽ നിയമങ്ങളിലെ ആർട്ടിക്കിൾ 38-ലെ ആദ്യ ഖണ്ഡികയിൽ ഈ തീരുമാനം സംബന്ധിച്ച് ആവശ്യമായ ഭേദഗതി കൊണ്ടുവന്നതായും അദ്ദേഹം അറിയിച്ചു. ഈ ഭേദഗതി പ്രകാരം രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും തങ്ങളുടേതായ വസ്ത്രധാരണരീതി സംബന്ധിച്ചുള്ള നയം ഉണ്ടാകേണ്ടതാണ്. ഇത് സംബന്ധമായ നിർദ്ദേശങ്ങൾ രേഖാമൂലം ജീവനക്കാർക്ക് നൽകേണ്ടതും, ഇവ തൊഴിലിടങ്ങളിൽ നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാകേണ്ടതുമാണെന്നും അദ്ദേഹം അറിയിപ്പിലൂടെ വ്യക്തമാക്കുന്നു.

ഓരോ സ്ഥാപനങ്ങളും വസ്ത്രധാരണരീതി സംബന്ധിച്ചുള്ള നയം ജീവനക്കാർക്ക് കാണാവുന്ന തരത്തിൽ തൊഴിലിടങ്ങളിൽ പ്രദർശിപ്പിക്കുകയോ, ഇവ സംബന്ധിച്ച് ജീവനക്കാർക്കിടയിൽ അവബോധം ഉളവാക്കുന്നതിനുള്ള മറ്റു നടപടികൾ സ്വീകരിക്കുകയോ ചെയ്യേണ്ടതാണ്. ഉദ്യോഗസംബന്ധിയായി യോഗ്യമായ വസ്ത്രധാരണരീതി തൊഴിലിടങ്ങളിൽ ഉറപ്പാക്കുന്നത് ഈ തീരുമാനം ലക്ഷ്യമിടുന്നു. ഇവയിൽ വീഴ്ച്ചവരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴയുൾപ്പടെയുള്ള നടപടികളും ഈ ഭേദഗതി മൂലം ഉറപ്പാക്കിയിട്ടുണ്ട്.