യു എ ഇ: സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം ഉറപ്പാക്കണമെന്ന് തൊഴിൽ മന്ത്രാലയം

GCC News

സ്വകാര്യ മേഖലയിലെ തൊഴിലുടമകൾ ജീവനക്കാരുടെ ശമ്പളം ഉറപ്പാക്കണമെന്നും, കൃത്യമായ തീയതികളിൽ അവ വിതരണം ചെയ്യണമെന്നും യു എ ഇ തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചു. ഇതിനായി ജീവനക്കാരുടെ വേതനസുരക്ഷ നടപ്പിലാക്കുന്നതിനുള്ള വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിലൂടെ ശമ്പള വിതരണം ഉറപ്പാക്കാനും മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റയിസേഷൻ (MoHRE) നിർദ്ദേശിച്ചിട്ടുണ്ട്.

യു എ ഇയിലെ സ്വകാര്യമേഖലയിൽ, ജീവനക്കാരുടെ ശമ്പളസുരക്ഷയും, തൊഴിൽ കരാറുകളിലെ വ്യവസ്ഥകൾ പാലിക്കുന്നു എന്നത് ഉറപ്പാക്കാനുമുള്ള MoHRE-യുടെ 2016-ലെ 739-ആം ഉത്തരവ്, നിർബന്ധമായും തൊഴിൽദാതാക്കൾ പാലിക്കേണ്ടതാണ് എന്ന് MoHRE അറിയിച്ചു. COVID-19 പശ്ചാത്തലത്തിൽ ‘ഏർലി ലീവ്’ വ്യവസ്ഥയിൽ, തങ്ങളുടെ അവധി നേരത്തേയെടുക്കുന്നതിന് അപേക്ഷിച്ച ജീവനക്കാർക്ക് അതിനായുള്ള അനുവാദം നൽകുന്നതിനായി, നിലവിലെ തൊഴിൽ കരാറിൽ താത്‌കാലികമായി കൂട്ടിച്ചേർക്കുന്നതിനുള്ള വ്യവസ്ഥകൾ തൊഴിലുടമകൾക്കായി MoHRE-യുടെ വെബ്സൈറ്റിലും സ്മാർട്ട് ആപ്പിലും നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

തൊഴിൽ കരാറിൽ ഉള്ള മാറ്റങ്ങൾ, ജീവനക്കാരുമായി ചർച്ച ചെയ്ത് അംഗീകരിച്ച ശമ്പളത്തിൽ വരുത്തുന്ന ഇളവുകൾ ഉണ്ടെങ്കിൽ അവ ഉൾപ്പടെയുള്ള വിവരങ്ങൾ ഉടൻ പുതുക്കുവാനും മന്ത്രാലയം തൊഴിലുടമകളോട് നിർദ്ദേശിച്ചിട്ടുണ്ട്.