മെട്രാഷ്2 ആപ്പിൽ പുതിയതായി ആറ് ഡിജിറ്റൽ സേവനങ്ങൾ കൂടി ഉൾപ്പെടുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 2022 മാർച്ച് 13-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ കൂടുതൽ സുഗമമായി ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. താഴെ പറയുന്ന സേവനങ്ങളാണ് മെട്രാഷ്2 ആപ്പിൽ പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നത്:
- എക്സെപ്ഷണൽ വിസ എക്സ്റ്റെൻഷൻ സർവീസ് – ബിസിനസ്മാൻ വിസ, ഒഫീഷ്യൽ വിസ, ടൂറിസ്റ്റ് വിസ എന്നിവയ്ക്കായാണ് ഈ സേവനം നൽകുന്നത്. ഏതാനം വ്യവസ്ഥകൾക്ക് വിധേയമായി ചില വിസിറ്റ് വിസകളുടെ കാലാവധി നീട്ടി ലഭിക്കുന്നതിന് ഈ സേവനം ഉപയോഗിക്കാവുന്നതാണ്. മെട്രാഷ്2 ആപ്പിലെ വിസ സർവീസസ് വിൻഡോയിൽ നിന്ന് ഈ സേവനം ലഭ്യമാണ്.
- നിലവിൽ വിസകളുള്ളവർക്ക് തൊഴിലുടമയെ മാറുന്നതിനുള്ള സേവനം – രാജ്യത്ത് നിലവിൽ വിസകളുള്ളവർക്ക് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറുന്നത് സംബന്ധിച്ച നടപടികൾ പൂർത്തിയാക്കുന്നതിന് മെട്രാഷ്2 ആപ്പിലെ ഈ സേവനം ഉപയോഗിക്കാവുന്നതാണ്. നിലവിലെ തൊഴിലുടമയിൽ നിന്ന് നിരാക്ഷേപസാക്ഷ്യപത്രം (NOC) നേടിയിട്ടുള്ള, നിലവിൽ ഖത്തറിൽ വർക്ക് വിസയുള്ള പ്രവാസികൾക്ക് ഈ സേവനം ഉപയോഗിച്ച് കൊണ്ട് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറാവുന്നതാണ്.
- കുടുംബാംഗങ്ങളുടെ സ്പോൺസർഷിപ്പ് മാറ്റുന്നതിനുള്ള സേവനം – മെട്രാഷ്2 ആപ്പിലെ റെസിഡൻസി സർവീസസ് വിൻഡോയിലാണ് ഈ സേവനം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ഉപയോഗിച്ച് കൊണ്ട് പ്രവാസികൾക്ക് തങ്ങളുടെ സ്പോൺസർഷിപ്പ് മറ്റൊരു കുടുംബാംഗത്തിന് കീഴിലേക്ക് മാറ്റുന്നതിന് സാധിക്കുന്നതാണ്.
- നവജാത ശിശുക്കൾക്കുള്ള വിസ സേവനങ്ങൾ – ഫാമിലി വിസിറ്റ് വിസയിൽ ഖത്തറിലെത്തിയ ഒരു സ്ത്രീ ഖത്തറിൽ വെച്ച് പ്രസവിക്കുന്ന സാഹചര്യത്തിൽ നവജാത ശിശുവിന് വിസ ലഭിക്കുന്നതിന് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
- സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ സേവനം – സർക്കാർ, അർദ്ധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിന് ഈ സേവനം ഉപയോഗിക്കാവുന്നതാണ്. മെട്രാഷ്2 ആപ്പിലെ ജനറൽ സർവീസസ് വിൻഡോയിൽ നിന്ന് ഈ സേവനം ലഭ്യമാണ്.
- പഴ്സണൽ എംപ്ലോയർ വിവരങ്ങൾ മാറ്റുന്നതിനുള്ള സേവനം – കൃഷിയിടങ്ങൾ, മത്സ്യബന്ധന ബോട്ടുകൾ തുടങ്ങിയവയുടെ ഉടമകൾ ഉൾപ്പടെ പേർസണൽ എംപ്ലോയർ സ്റ്റാറ്റസിലുള്ളവർക്ക് ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.