രാജ്യത്ത് നിന്ന് ഉക്രൈനിലേക്കുള്ള എല്ലാ വിമാനസർവീസുകളും താത്കാലികമായി നിർത്തിവെച്ചതായി ഖത്തർ എയർവെയ്‌സ് അറിയിച്ചു. ഉക്രൈനിലെ നിലവിലെ പ്രതിസന്ധി കണക്കിലെടുത്താണ് ഫെബ്രുവരി 24-ന് വൈകീട്ട് ഖത്തർ എയർവെയ്‌സ് ഇക്കാര്യം അറിയിച്ചത്.
“ഉക്രൈനിലേക്കുള്ള എല്ലാ ഖത്തർ എയർവെയ്‌സ് വിമാനസർവീസുകളും താത്‌കാലികമായി നിർത്തിവെച്ചിരിക്കുന്നു. സാഹചര്യങ്ങൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.”, ഖത്തർ എയർവെയ്‌സ് പ്രത്യേക അറിയിപ്പിലൂടെ വ്യക്തമാക്കി.
ഈ പ്രതിസന്ധി മൂലം യാത്ര തടസ്സപ്പെടുന്ന യാത്രികർ കൂടുതൽ വിവരങ്ങൾക്കായി https://www.qatarairways.com/en-in/homepage.html എന്ന വിലാസത്തിൽ ഖത്തർ എയർവെയ്‌സിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം യാത്രികർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ ലഭിക്കുന്നതിനായി വെബ്സൈറ്റിലെ ‘My Trip’ എന്ന സേവനം ഉപയോഗിക്കാനും ഖത്തർ എയർവെയ്‌സ് നിർദ്ദേശിച്ചു.
യാത്രാ വിമാനങ്ങൾക്ക് ഉക്രൈൻ എയർസ്പേസ് ഉപയോഗിച്ചുള്ള വ്യോമയാന സേവനങ്ങൾ നൽകുന്നത് താത്‌കാലികമായി നിർത്തലാക്കിയതായി ഉക്രേനിയൻ സ്റ്റേറ്റ് എയർ ട്രാഫിക് സെർവീസസ് എന്റർപ്രൈസ് ഔദ്യോഗിക വെബ്‌സൈറ്റിൽ അറിയിച്ചിട്ടുണ്ട്. https://uksatse.ua/index.php?s=418d93a571d2b9887ae43ecbaa31443a&act=Part&CODE=247&id=772 എന്ന വിലാസത്തിൽ ഈ അറിയിപ്പ് ലഭ്യമാണ്.
യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി നൽകുന്ന ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം (2022 ഫെബ്രുവരി 24 രാത്രി 10:23-ന് നൽകിയ അറിയിപ്പ്) റഷ്യ, ബെലാറസ് എന്നിവ ഉക്രൈനുമായി അതിർത്തി പങ്കിടുന്ന 200 നോട്ടിക്കൽ മൈൽ (370.4 KM) എയർസ്പേസ് ഉപയോഗിക്കുന്ന വിമാനങ്ങൾക്ക് സുരക്ഷാ ഭീഷണി ഉള്ളതായി വ്യക്തമാക്കുന്നു.