തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലയായ ഒരു ആരാധകന് ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും നേരിട്ട് കാണുന്നതിനുള്ള ടിക്കറ്റുകൾ സമ്മാനമായി നൽകുമെന്ന് സംഘാടകർ അറിയിച്ചു. ഇതിനായി ഖത്തർ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ‘എവരി ബ്യൂട്ടിഫുൾ ഗെയിം’ എന്ന പേരിലുള്ള ഒരു സമ്മാനപദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.
2022 സെപ്റ്റംബർ 21-നാണ് ഖത്തർ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഈ മത്സരപദ്ധതി സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ മത്സരത്തിൽ വിജയിക്കുന്ന ഫുട്ബോൾ ആരാധകന് നവംബർ 20 മുതൽ ഡിസംബർ 18 വരെയുള്ള കാലയളവിൽ നടക്കുന്ന ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിലെ 64 മത്സരങ്ങളും സ്റ്റേഡിയത്തിൽ നിന്ന് നേരിട്ട് കാണാൻ അവസരം ലഭിക്കുന്നതാണ്.
ഈ മത്സരത്തിലൂടെ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ അതിനിപുണനായ ഒരു ഫുട്ബാൾ ആരാധകനെ കണ്ടെത്തുന്നതിനാണ് ശ്രമിക്കുന്നതെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി കമ്മ്യൂണികേഷൻസ് ആൻഡ് മീഡിയ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാത്തിമ അൽ നുഐമി വ്യക്തമാക്കി. ഈ ആരാധകനിലൂടെ ഖത്തറിലെ ഏറ്റവും നൂതനമായ എട്ട് സ്റ്റേഡിയങ്ങളിൽ വെച്ച് നടക്കുന്ന ഫുട്ബോൾ മാമാങ്കത്തിന്റെ അനുഭവങ്ങൾ ലോകത്തെ അറിയിക്കാൻ സംഘാടകർ ലക്ഷ്യമിടുന്നു.
‘എവരി ബ്യൂട്ടിഫുൾ ഗെയിം’ എന്ന ഈ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ:
- https://www.qatar2022.qa/en/every-beautiful-game-competition എന്ന വിലാസത്തിലെ അപേക്ഷാ ഫോം പൂരിപ്പിക്കുക.
- ഇതോടൊപ്പം 20 മുതൽ 60 വരെ സെക്കൻഡ് ദൈർഘ്യമുള്ള സ്വയം പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോ ദൃശ്യം നൽകുക.
താഴെ പറയുന്ന മാനദണ്ഡം പാലിക്കുന്നവർക്ക് ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്:
- ചുരുങ്ങിയത് 21 വയസ് തികഞ്ഞിരിക്കണം.
- കായികക്ഷമത തെളിയിക്കുന്ന രേഖകൾ.
- സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്നതിലെ നിപുണത.
- കാമറ കൈകാര്യം ചെയ്യുന്നതിലെ നിപുണത.
- ഇംഗ്ളീഷ് പരിജ്ഞാനം.
- 2022 നവംബർ 18 മുതൽ ഡിസംബർ 19 വരെ ഖത്തറിൽ തുടരേണ്ടതാണ്.
ഈ മത്സരത്തിൽ വിജയിക്കുന്ന ഒരു വ്യക്തിക്ക് താഴെ പറയുന്ന സമ്മാനങ്ങൾ ലഭിക്കുന്നതാണ്.
- ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിലെ 64 മത്സരങ്ങളും കാണുന്നതിനുള്ള ടിക്കറ്റുകൾ.
- സ്വന്തം രാജ്യത്ത് നിന്ന് ഖത്തറിലെത്തി തിരികെ മടങ്ങുന്നതിനുള്ള വിമാന ടിക്കറ്റുകൾ.
- 2022 നവംബർ 18 മുതൽ ഡിസംബർ 19 വരെ ദോഹയിൽ താമസിക്കുന്നതിനുള്ള ഹോട്ടൽ മുറി സൗകര്യം (ഭക്ഷണങ്ങൾ ഉൾപ്പടെ). ഒരാൾക്ക് മാത്രമാണ് ഈ സേവനം ഉപയോഗിക്കാൻ അനുമതി.
- എല്ലാ മത്സരങ്ങളുടെയും വേദിയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള സൗജന്യ യാത്രാസേവനം.