കാറുകളിൽ ഒരു കുടുംബത്തിൽ നിന്നുള്ള അംഗങ്ങൾ മാത്രമായി സഞ്ചരിക്കുന്ന അവസരത്തിൽ മാസ്കുകൾ നിർബന്ധമല്ലെന്ന് ഖത്തർ ക്യാബിനറ്റ് അറിയിച്ചതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിലെ ഇളവുകൾ പടിപടിയായി പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ ആരോഗ്യ മന്ത്രാലയം മെയ് 9-ന് മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ അംഗീകരിക്കുന്നതിനൊപ്പമാണ് ക്യാബിനറ്റ് മാസ്കുകളുടെ ഉപയോഗം സംബന്ധിച്ച് വ്യക്തത നൽകിയത്.
മെയ് 25-ന് ഖത്തർ പ്രധാന മന്ത്രി H.E. ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽഅസീസ് അൽ താനിയുടെ നേതൃത്വത്തിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനങ്ങൾക്ക് അംഗീകാരം നൽകിയത്. COVID-19 നിയന്ത്രണങ്ങളിലെ ഇളവുകൾ അനുവദിക്കുന്നതിന്റെ ആദ്യ ഘട്ടം 2021 മെയ് 28, വെള്ളിയാഴ്ച്ച മുതൽ നടപ്പിലാക്കുന്നതാണ്.
വീടിനു പുറത്തിറങ്ങുന്ന മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും മാസ്കുകളുടെ ഉപയോഗം നിർബന്ധമാണെന്നും, വ്യക്തികൾ വാഹനങ്ങളിൽ തനിയെ യാത്ര ചെയ്യുന്ന അവസരത്തിലും, ഒരേ കുടുംബങ്ങളിൽ നിന്നുള്ളവർ മാത്രമായി വാഹനത്തിൽ യാത്ര ചെയ്യുന്ന അവസരത്തിലും മാത്രമാണ് മാസ്ക് ഉപയോഗിക്കുന്നതിന് ഇളവ് നൽകിയിട്ടുള്ളതെന്നുമാണ് ഖത്തർ ക്യാബിനറ്റ് അറിയിച്ചിരിക്കുന്നത്.
വീടിനു പുറത്തിറങ്ങുന്ന മുഴുവൻ പൗരന്മാരും, പ്രവാസികളും തങ്ങളുടെ സ്മാർട്ട് ഫോണുകളിൽ നിർബന്ധമായും ‘EHTERAZ’ ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതും, ഈ ആപ്പ് പ്രയോഗക്ഷമമാക്കേണ്ടതുമാണെന്നും ക്യാബിനറ്റ് വ്യക്തമാക്കിയിട്ടുണ്ട്. വാഹനങ്ങളിൽ പരമാവധി നാല് പേർക്കാണ് ഒരുമിച്ച് യാത്ര ചെയ്യുന്നതിന് അനുമതി നൽകിയിട്ടുള്ളതെന്നും, ഒരേ വീട്ടിൽ താമസിക്കുന്ന ഒരേ കുടുംബത്തിൽ നിന്നുള്ളവർക്ക് മാത്രമാണ് ഇക്കാര്യത്തിൽ ഇളവ് അനുവദിക്കുന്നതെന്നും ക്യാബിനറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിലെ ഇളവുകൾ പടിപടിയായി പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ ആരോഗ്യ മന്ത്രാലയം മെയ് 9-ന് മുന്നോട്ട് വെച്ച നിർദ്ദേശത്തിന് ക്യാബിനറ്റ് അംഗീകാരം നൽകിയതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.