ഖത്തർ: നിലവിൽ രാജ്യത്തിനു പുറത്തുള്ള പ്രവാസികളുടെ കാലാവധി തീർന്ന റെസിഡൻസ് പെർമിറ്റുമായി ബന്ധപ്പെട്ട ഫീസ് ഒഴിവാക്കി

GCC News

നിലവിൽ രാജ്യത്തിനു പുറത്തുള്ള പ്രവാസികളുടെ കാലാവധി തീർന്ന റെസിഡൻസ് പെർമിറ്റുമായി ബന്ധപ്പെട്ട ഫീസുകൾ ഇളവ് ചെയ്യാൻ തീരുമാനിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് പശ്ചാത്തലത്തിൽ ഖത്തറിലേക്ക് മടങ്ങിയെത്താൻ സാധിക്കാത്ത പ്രവാസികളുടെ, കാലാവധി അവസാനിച്ച റെസിഡൻസ് പെർമിറ്റുകളുമായി ബന്ധപ്പെട്ട തുകകളാണ് ഒഴിവാക്കിയിട്ടുള്ളത്.

“COVID-19 വ്യാപന സാഹചര്യം മൂലം രാജ്യത്തിനു പുറത്തുള്ള റസിഡന്റ് വിസകളിലുള്ളവർ, റെസിഡൻസ് പെർമിറ്റ് കാലാവധി അവസാനിച്ചത് കൊണ്ടോ, 6 മാസത്തിലധികം തുടരെ ഖത്തറിനു വെളിയിൽ തങ്ങേണ്ടിവന്നതിനാലോ ചുമത്താവുന്ന റെസിഡൻസ് പെർമിറ്റുമായി ബന്ധപ്പെട്ട ഫീസുകൾ ഒഴിവാക്കിയിരിക്കുന്നു.”, ആഭ്യന്തര മന്ത്രാലയം ഓഗസ്റ്റ് 7-നു ട്വിറ്ററിലൂടെ വ്യക്തമാക്കി.

നിലവിൽ രാജ്യത്തിനു പുറത്തുള്ള, ഖത്തറിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന റെസിഡൻസി വിസക്കാർക്കും, സന്ദർശകർക്കുമുള്ള പ്രത്യേക എൻട്രി പെർമിറ്റുകൾക്കുള്ള (Exceptional Entry Permit) അപേക്ഷകൾ നൽകുന്ന സംവിധാനം ഓഗസ്റ്റ് 1 മുതൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഈ അപേക്ഷകളുടെ ഭാഗമായി പെർമിറ്റ് ലഭിച്ചിട്ടുള്ളവർക്ക് മാത്രമായിരിക്കും ഖത്തറിലേക്ക് യാത്ര ചെയ്യാൻ കഴിയുക.