ഖത്തർ: അടിയന്തിര ഘട്ടങ്ങളിലൊഴികെ ആരോഗ്യപരിചരണ കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾക്ക് നിർദ്ദേശം

featured GCC News

രാജ്യത്തെ ആരോഗ്യപരിചരണ കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനങ്ങൾ കഴിയുന്നതും ഒഴിവാക്കാൻ ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. അടിയന്തിര ഘട്ടങ്ങളിലൊഴികെ ചികിത്സകൾക്കായി ഇത്തരം കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാനും, ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ അല്ലാത്ത സാഹചര്യങ്ങളിൽ ചികിത്സകൾക്കായി വിർച്യുൽ സംവിധാനങ്ങളും, ടെലിമെഡിസിൻ സേവനങ്ങളും ഉപയോഗിക്കാനും അധികൃതർ ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

രാജ്യത്തെ COVID-19 രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് അധികൃതർ ഇത്തരം ഒരു നിർദ്ദേശം നൽകിയത്. മാർച്ച് 29-നാണ് HMC ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

രോഗവ്യാപനം വീണ്ടും രൂക്ഷമായതോടെ, COVID-19 രോഗബാധിതർക്ക് ആവശ്യമായ പരിചരണം ഉറപ്പാക്കുന്നതിനായി ആരോഗ്യ പ്രവർത്തകർ ഇരുപത്തിനാലു മണിക്കൂറും വിശ്രമമില്ലാതെ പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണെന്ന് HMC ജനങ്ങളെ ഓർമ്മപ്പെടുത്തി. രാജ്യത്തെ ആരോഗ്യ സംവിധാനത്തെ സഹായിക്കുന്നതിനായി അടിയന്തിര ഘട്ടങ്ങളിലൊഴികെയുള്ള ആരോഗ്യപരിചരണ കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനങ്ങൾ കഴിയുന്നതും ഒഴിവാക്കാൻ HMC ജനങ്ങളോട് ആഹ്വാനം ചെയ്തു.

COVID-19 സംബന്ധമായ വിവരങ്ങൾ അറിയുന്നതിനായി 16000 എന്ന ഹോട്ട് ലൈൻ സേവനം ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കി. ഈ സംവിധാനത്തിൽ നിന്ന് മൂന്ന് എന്ന സേവനം ഉപയോഗിച്ച് കൊണ്ട് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ അല്ലാത്ത സാഹചര്യങ്ങളിൽ ചികിത്സാ സഹായങ്ങൾക്കായി ഡോക്ടറുമായി സംവദിക്കാവുന്നതാണ്.

ഈ സേവനം ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ ദിനവും രാവിലെ 7 മണി മുതൽ വൈകീട്ട് 3 മണിവരെ ലഭ്യമാണ്. യൂറോളജി, ഓർത്തോ, ജനറൽ സർജറി, ജനറൽ മെഡിസിൻ, ENT, ത്വക്ക് രോഗ വിഭാഗം, ന്യൂറോളജി, ഡെന്റൽ, ഹെമറ്റോളജി, മെഡിക്കൽ ഓങ്കോളജി, ബാലചികിത്സ, ഗൈനക്കോളജി, വാര്‍ദ്ധക്യസഹജമായ ചികിത്സാ വിഭാഗം, മെന്റൽ ഹെൽത്ത്, കാർഡിയോളജി തുടങ്ങിയ വിഭാഗങ്ങളുടെ സേവനം ഈ വിധത്തിൽ ലഭ്യമാണ്.

മരുന്നുകൾ ഓർഡർ ചെയ്യുന്നതിനായി 16000 എന്ന നമ്പറിലെ മെഡിക്കേഷൻ ഡെലിവറി സേവനം ഉപയോഗിക്കാവുന്നതാണ്. ഇതിനായി ഈ നമ്പർ ഡയൽ ചെയ്ത ശേഷം 3 അമർത്തി HMC തിരഞ്ഞെടുക്കേണ്ടതാണ്. ഇതിന് ശേഷം 2 അമർത്തി മെഡിക്കേഷൻ ഡെലിവറി സേവനം തിരഞ്ഞെടുക്കാവുന്നതാണ്.