ഖത്തർ: തൊഴിലിടങ്ങളിൽ പാലിക്കേണ്ടതായ COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി

GCC News

രാജ്യത്തെ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി തൊഴിലിടങ്ങളിൽ പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി. ഏപ്രിൽ 10-നാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഈ അറിയിപ്പ് പുറത്തിറക്കിയത്.

2021 ഏപ്രിൽ 9 മുതൽ രാജ്യത്തെ സർക്കാർ മേഖലയിലും, സ്വകാര്യ മേഖലയിലുമുള്ള സ്ഥാപനങ്ങളിൽ നേരിട്ടെത്തുന്ന ജീവനക്കാരുടെ എണ്ണം 50 ശതമാനമാക്കി പരിമിതപ്പെടുത്താൻ തീരുമാനിച്ച സാഹചര്യത്തെ തുടർന്നാണ് സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനായി ഈ പ്രതിരോധ നിർദ്ദേശങ്ങൾ മന്ത്രാലയം അറിയിച്ചത്. ഇതിൽ പല നിർദ്ദേശങ്ങളും രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ളവ തന്നെയാണ്.

ഖത്തറിലെ തൊഴിലിടങ്ങളിൽ പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ:

  • ഓഫിസുകളിലെത്തുന്നവർ മുഴുവൻ സമയവും സമൂഹ അകലം പാലിക്കേണ്ടതാണ്. മറ്റുള്ളവരുമായി എപ്പോഴും ചുരുങ്ങിയത് 1.5 മീറ്റർ എങ്കിലും അകലം പാലിക്കാൻ ശ്രദ്ധിക്കുക.
  • മുഴുവൻ സമയവും മാസ്കുകൾ ഉപയോഗിക്കേണ്ടതാണ്. ഉപയോഗ ശേഷം മാസ്കുകൾ കൃത്യമായി നിർമ്മാർജ്ജനം ചെയ്യേണ്ടതാണ്.
  • ഓഫീസുകളിലെ ഇടനാഴികളിലും മറ്റും ജീവനക്കാർ ഒത്ത് കൂടുന്നത് ഒഴിവാക്കേണ്ടതാണ്.
  • ഹസ്തദാനം ഒഴിവാക്കേണ്ടതാണ്.
  • കയ്യുറകൾ, സാനിറ്റൈസർ എന്നിവയുടെ ഉപയോഗം ഉറപ്പാക്കേണ്ടതാണ്.
  • തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും മൂക്ക്, വായ എന്നിവ ഒരു ടിഷ്യു ഉപയോഗിച്ച് മറച്ച് പിടിക്കേണ്ടതാണ്.
  • ഓരോ ഓഫീസുകളിലും നടപ്പിലാക്കുന്ന സുരക്ഷാ നിബന്ധനകൾ സംബന്ധിച്ച അറിയിപ്പുകൾ കൃത്യമായി വായിച്ച് മനസ്സിലാക്കേണ്ടതും, പാലിക്കേണ്ടതുമാണ്.
  • ജീവനക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കേണ്ടതാണ്. ഉയർന്ന ശരീരോഷ്മാവ് പ്രകടമാക്കുന്നവർ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലെത്തേണ്ടതാണ്.
  • തൊഴിലിടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, ഫോണിൽ ‘EHTERAZ’ ആപ്പ് പ്രയോഗക്ഷമമാക്കേണ്ടതാണ്.
  • ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ വീടുകളിൽ തുടരേണ്ടതും, മെഡിക്കൽ സേവനങ്ങൾ നേടേണ്ടതുമാണ്.