ഖത്തറിൽ തൊഴിലുടമയിൽ നിന്നുള്ള NOC ഇല്ലാതെ തൊഴിൽ മാറുന്നതിനുള്ള മാനദണ്ഡങ്ങൾ മിനിസ്ട്രി ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് ഡെവലപ്മെൻറ്, ലേബർ ആൻഡ് സോഷ്യൽ അഫയേഴ്‌സ് (ADLSA) പുറത്തിറക്കി.
ഇത്തരത്തിൽ ഖത്തറിൽ ഒരു തൊഴിലിടത്തിൽ നിന്ന് മറ്റൊരു തൊഴിലിടത്തിലേക്ക് മാറുന്നവർ പാലിക്കേണ്ട നടപടിക്രമങ്ങൾ:
- ADLSA-യുടെ ഓൺലൈൻ സംവിധാനം ഉപയോഗിച്ച്, ഇത്തരത്തിൽ തൊഴിൽ മാറുന്ന ജീവനക്കാരൻ, ഇക്കാര്യം തന്റെ തൊഴിലുടമയെ ഇലക്ട്രോണിക് നോട്ടിഫിക്കേഷനിലൂടെ അറിയിക്കേണ്ടതാണ്. നിലവിലെ സ്ഥാപനത്തിൽ രണ്ടോ അതിൽ താഴെയോ വർഷം ജോലി ചെയ്തിട്ടുള്ള ജീവനക്കാർ ഒരു മാസം മുൻപേയും, രണ്ടിൽ കൂടുതൽ വർഷം സ്ഥാപനത്തിൽ തൊഴിലെടുത്തിട്ടുള്ളവർ 2 മാസം മുൻപേയും ഇക്കാര്യം അറിയിക്കേണ്ടതാണ്.
- ഇത്തരത്തിൽ തൊഴിൽ മാറുന്നതിനുള്ള തീരുമാനം ഇലക്ട്രോണിക് നോട്ടിഫിക്കേഷനിലൂടെ അറിയിക്കുന്ന അവസരത്തിൽ, താഴെ പറയുന്ന രേഖകൾ ഉൾപ്പെടുത്തേണ്ടതാണ്.
1. ADLSA-യുടെ തൊഴിലുടമയെ മാറ്റുന്നതിനുള്ള ഫോം.
2. നിലവിലുള്ള തൊഴിലുടമയുമായുള്ള കരാറിന്റെ കോപ്പി. ഇതില്ലാത്ത പക്ഷം പുതിയ തൊഴിലുടമയിൽ നിന്നുള്ള തൊഴിൽ വാഗ്‌ദാനം ചെയ്യുന്ന രേഖ.
3. അറബിയിൽ തയ്യാറാക്കിയ പുതിയ തൊഴിലുടമയിൽ നിന്നുള്ള ജോലി വാഗ്‌ദാനം ചെയ്തുള്ള രേഖ. - ഇത്തരത്തിൽ ഇലക്ട്രോണിക് നോട്ടിഫിക്കേഷനിലൂടെ ജോലി മാറുന്നതിനുള്ള അറിയിപ്പ് പൂർത്തിയാക്കിയ ശേഷം, പുതിയ തൊഴിലുടമയ്ക്കും, ജീവനക്കാരനും SMS-ലൂടെ ADLSA-യിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നതാണ്.
- പുതിയ തൊഴിലുടമ ഇതിനെത്തുടർന്ന് ADLSA-യുടെ ഡിജിറ്റൽ സംവിധാനത്തിൽ ഇലക്ട്രോണിക് രൂപത്തിലുള്ള തൊഴിൽ കരാർ തയ്യാറാക്കേണ്ടതാണ്.
- ഈ കരാർ പ്രിൻറ് ചെയ്‌ത ശേഷം ജീവനക്കാരനിൽ നിന്ന് ഒപ്പ് ശേഖരിക്കേണ്ടതാണ്.
- ജീവനക്കാർ ഒപ്പിട്ട ശേഷം ഈ കരാർ ADLSA-യുടെ ഡിജിറ്റൽ സംവിധാനത്തിൽ അപ്പ്ലോഡ് ചെയ്യേണ്ടതാണ്. ഇത് അംഗീകരിക്കുന്നതിനായി 60 റിയാൽ ഫീസ് ഈടാക്കുന്നതാണ്.
- ഈ കരാറിന് അംഗീകാരം ലഭിച്ച ശേഷം QID ലഭിക്കുന്നതിനായി പുതിയ തൊഴിലുടമ ആഭ്യന്തര മന്ത്രാലയത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ഈ നടപടികൾ പൂർത്തിയാക്കിയ ശേഷം ജീവനക്കാർക്ക് പുതിയ ജോലിയിൽ പ്രവേശിക്കാവുന്നതാണ്.
പ്രൊബേഷൻ കാലാവധിയിലുള്ള ജീവനക്കാരുടെ തൊഴിൽ മാറ്റവുമായി ബന്ധപ്പെട്ട നിബന്ധനകൾ:
- പ്രൊബേഷനിലുള്ള ജീവനക്കാർ തൊഴിലിടം മാറുന്നതിനു മുൻപായി നിലവിലെ തൊഴിലുടമയ്ക്ക് ഏറ്റവും ചുരുങ്ങിയത് ഒരു മാസത്തെ മുൻകൂർ അറിയിപ്പ് നൽകേണ്ടതാണ്.
- ഇത്തരക്കാരുടെ പുതിയ തൊഴിലുടമ, നിലവിലെ തൊഴിലുടമയ്ക്ക് റിക്രൂട്ട്മെന്റ് ഫീസിന്റെ ഒരു ഭാഗവും, ജീവനക്കാർക്ക് നൽകിയ വിമാന ടിക്കറ്റും നഷ്ടപരിഹാരമായി നൽകേണ്ടതാണ്. ഇത്തരത്തിൽ നൽകുന്ന പരമാവധി നഷ്ടപരിഹാര തുക, ജീവനക്കാരന്റെ നിലവിലെ രണ്ടു മാസത്തെ അടിസ്ഥാന ശമ്പളത്തിൽ കവിയാതെ നിജപ്പെടുത്തിയിട്ടുണ്ട്.