രാജ്യത്തെ വിദ്യാലയങ്ങളിലും, നഴ്സറികളിലും 2022 ഏപ്രിൽ 3 മുതൽ വിദ്യാർത്ഥികൾക്ക് ആവശ്യമെങ്കിൽ മാസ്കുകൾ ഒഴിവാക്കാൻ അനുമതി നൽകിയതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
രാജ്യത്തെ COVID-19 രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഇത്തരം ഒരു ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഏപ്രിൽ 3, ഞായറാഴ്ച്ച മുതൽ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ ആവശ്യമെങ്കിൽ മാസ്കുകൾ ഒഴിവാക്കാവുന്നതാണ്.
ഖത്തറിലെ മുഴുവൻ പൊതു, സ്വകാര്യ സ്കൂളുകൾക്കും, കിന്റർഗാർട്ടനുകൾക്കും ഈ ഇളവ് ബാധകമാണ്. മാസ്കുകൾ ധരിക്കുന്നത് തുടരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അതിനുള്ള അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. വാക്സിനെടുക്കാത്ത വിദ്യാർത്ഥികൾക്ക് ആഴ്ചതോറുമുള്ള റാപിഡ് ആന്റിജൻ പരിശോധന തുടരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.