രാജ്യത്തെ പാർപ്പിട മേഖലകളിലെ സ്വിമ്മിങ്ങ് പൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതുമായി ബന്ധപ്പെട്ട് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി. പൂളുകളിൽ മുങ്ങിമരിക്കുന്നത് ഉൾപ്പടെയുള്ള അപകടങ്ങൾ ഒഴിവാക്കാൻ സ്വിമ്മിങ്ങ് പൂൾ സുരക്ഷാ നിബന്ധനകൾ പാലിക്കേണ്ടത് വളരെ പ്രധാനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ട്വിറ്ററിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. സ്വിമ്മിങ്ങ് പൂളുകൾ ഉപയോഗിക്കുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്താൻ താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്:
- മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതെ കുട്ടികളെ സ്വിമ്മിങ്ങ് പൂളുകളിലോ, അവയുടെ സമീപത്തോ പ്രവേശിക്കുന്നതിന് അനുവദിക്കരുത്.
- പാർപ്പിട മേഖലകളിലെ സ്വിമ്മിങ്ങ് പൂളുകൾ ഉയർന്ന വേലിക്കെട്ട് ഉപയോഗിച്ച് സുരക്ഷിതമാക്കേണ്ടതാണ്. ഇവയിലേക്കുള്ള പ്രവേശന ഗേറ്റ് സുരക്ഷിതമായി പൂട്ടി വെക്കേണ്ടതാണ്.
- സ്വിമ്മിങ്ങ് പൂളുകളിൽ സുരക്ഷാ ഉപകരണങ്ങൾ, നീന്താൻ സഹായിക്കുന്ന വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഉപകരണങ്ങൾ എന്നിവ ഉറപ്പ് വരുത്തേണ്ടതാണ്.
- സ്വിമ്മിങ്ങ് പൂളുകൾക്ക് ചുറ്റും വഴുക്കൽ ഉണ്ടാകാൻ ഇടയില്ലാത്ത നിലം ഒരുക്കേണ്ടതാണ്.