ഖത്തർ: ഈദുൽ അദ്ഹ അവധിദിനങ്ങളിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി

GCC News

തങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളുടെ ഈദുൽ അദ്ഹ അവധിദിനങ്ങളിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി. 2025 ജൂൺ 4-നാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം താഴെ പറയുന്ന കാര്യങ്ങളാണ് അറിയിച്ചിരിക്കുന്നത്:

  • ഹമദ് മെഡിക്കൽ കോർപറേഷൻ ഹോസ്പിറ്റലുകളിലെ പീഡിയാട്രിക് എമർജൻസി സെന്ററുകൾ ഉൾപ്പടെയുള്ള എമർജൻസി സേവനങ്ങൾ, ആംബുലൻസ് സേവനങ്ങൾ മുതലായവ ആഴ്ചയിൽ എല്ലാ ദിവസവും ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്നതാണ്.
  • പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന് കീഴിൽ 20 ഹെൽത്ത് സെന്ററുകളിൽ നിന്ന് ആഴ്ചയിൽ എല്ലാ ദിവസവും, ഈദുൽ അദ്ഹ അവധിദിനങ്ങളിലുൾപ്പടെ, ഇരുപത്തിനാല് മണിക്കൂറും അടിയന്തിര ആരോഗ്യപരിചരണ സേവനങ്ങൾ ലഭ്യമാക്കുന്നതാണ്.

ഇതിന് പുറമെ ബർത്ത് രജിസ്‌ട്രേഷൻ ഓഫീസുകൾ, മെഡിക്കൽ റിലേഷൻസ് ആൻഡ് ട്രീറ്റ്മെന്റ് അബ്രോഡ് വകുപ്പ് തുടങ്ങിയവയുടെ ഈദുൽ അദ്ഹ അവധിദിനങ്ങളിലെ പ്രവർത്തനസമയക്രമവും മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്:

  • രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12 മണിവരെ മെഡിക്കൽ റിലേഷൻസ് ആൻഡ് ട്രീറ്റ്മെന്റ് അബ്രോഡ് വകുപ്പ് സന്ദർശിക്കാവുന്നതാണ്.
  • വിമൻസ് വെൽനസ് ആൻഡ് റിസർച്ച് സെന്ററിൽ പ്രവർത്തിക്കുന്ന മന്ത്രാലയത്തിന്റെ ബർത്ത് രജിസ്‌ട്രേഷൻ ഓഫീസിൽ വെള്ളി, ശനി ദിനങ്ങളിലൊഴികെ ഈദുൽ അദ്ഹ അവധിദിനങ്ങളിൽ രാവിലെ 8 മണിമുതൽ ഉച്ചയ്ക്ക് 12 മണിവരെ സേവനങ്ങൾ ലഭിക്കുന്നതാണ്.
  • ഹ്യുമാനിറ്റേറിയൻ സർവീസസ് ഓഫീസിൽ പ്രവർത്തിക്കുന്ന ഡെത്ത് രജിസ്‌ട്രേഷൻ ഓഫീസിൽ നിന്ന് ഈദുൽ അദ്ഹ അവധിദിനങ്ങളിൽ രാവിലെ 8 മണിമുതൽ ഉച്ചയ്ക്ക് 12 മണിവരെ സേവനങ്ങൾ ലഭിക്കുന്നതാണ്.