ഖത്തർ: പതിനെട്ട് വയസിന് താഴെ പ്രായമുള്ളവരുടെ ക്വാറന്റീൻ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി

featured GCC News

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ രക്ഷിതാക്കളോടൊപ്പം രാജ്യത്തേക്ക് പ്രവേശിക്കുന്ന പതിനെട്ട് വയസിന് താഴെ പ്രായമുള്ള മുഴുവൻ കുട്ടികൾക്കും ഹോട്ടൽ ക്വാറന്റീൻ ഒഴിവാക്കി നൽകുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 2021 ജൂലൈ 12 മുതൽ രാജ്യത്ത് നടപ്പിലാക്കുന്ന പുതിയ യാത്രാ മാനദണ്ഡങ്ങളിൽ വ്യക്തത നൽകി കൊണ്ടാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ജൂലൈ 9-ന് രാത്രിയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള യാത്രാ മാനദണ്ഡങ്ങളിലും, തിരികെയെത്തുന്നതിനുള്ള നിബന്ധനകളും 2021 ജൂലൈ 12 മുതൽ മാറ്റം വരുത്താനുള്ള ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ ജൂലൈ 8-ലെ തീരുമാനം അടിസ്ഥാനമാക്കിയാണ് ആരോഗ്യ മന്ത്രാലയം രാജ്യത്തേക്ക് പ്രവേശിക്കുന്ന ഏതാനം വിഭാഗങ്ങൾക്ക് ഹോട്ടൽ ക്വാറന്റീൻ ഇളവുകൾ അനുവദിച്ചിരിക്കുന്നത്.

ഈ അറിയിപ്പ് പ്രകാരം ജൂലൈ 12 മുതൽ ഖത്തറിലേക്ക് പ്രവേശിക്കുന്ന താഴെ പറയുന്ന വിഭാഗങ്ങൾക്ക് ഹോട്ടൽ ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ട്:

  • പതിനെട്ട് വയസിന് താഴെയുള്ള വാക്സിനെടുക്കാത്ത കുട്ടികൾ ഖത്തറിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ (തനിച്ചോ, രക്ഷിതാക്കൾക്കൊപ്പമോ) ഇവരുടെ രക്ഷിതാക്കൾ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരാണെങ്കിൽ, ഇത്തരം കുട്ടികൾക്ക് ഹോട്ടൽ ക്വാറന്റീൻ ഒഴിവാക്കുന്നതും, പകരം 7 ദിവസത്തെ ഹോം ക്വാറന്റീൻ ഏർപ്പെടുത്തുന്നതുമാണ്.
  • ഖത്തറിൽ നിന്ന് രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം പൂർത്തിയാക്കാത്തവർ, വിദേശയാത്രയ്ക്ക് ശേഷം തിരികെയെത്തുന്ന സാഹചര്യത്തിൽ ഇവർക്ക് 7 ദിവസം, അല്ലെങ്കിൽ രണ്ടാം ഡോസെടുത്ത് 14 ദിവസം തികയാനുള്ള അത്രയും ദിവസം, ഇവയിലേതാണോ ചെറുത്, അത്രയും ദിനം ഹോം ക്വാറന്റീൻ ഏർപ്പെടുത്തുന്നതാണ്.
  • 75 വയസിന് മുകളിൽ പ്രായമുള്ള വാക്സിനെടുക്കാത്തവർക്ക് ഹോം ക്വാറന്റീൻ ഏർപ്പെടുത്തും. ഇതേ കുടുംബത്തിലെ ഒരു സഹയാത്രികനും ഇത്തരത്തിൽ ഹോം ക്വാറന്റീൻ അനുവദിക്കുന്നതാണ്.
  • വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ ഭർത്താവിനോടോപ്പമോ, അതെ കുടുംബത്തിലെ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ മറ്റൊരു ബന്ധുവിനൊപ്പമോ തിരികെയെത്തുന്ന ഗർഭിണികൾക്ക്.
  • വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ ഭർത്താവിനോടോപ്പമോ, അതെ കുടുംബത്തിലെ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ മറ്റൊരു ബന്ധുവിനൊപ്പമോ തിരികെയെത്തുന്ന മുലയൂട്ടുന്ന അമ്മമാർ, 2 വയസിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങൾ എന്നിവർക്ക് ഹോട്ടൽ ക്വാറന്റീൻ ഒഴിവാക്കും.
  • ഖത്തർ സർക്കാർ ചെലവിൽ വിദേശത്ത് നിന്ന് ചികിത്സകൾ കഴിഞ്ഞ് തിരികെയെത്തുന്നവർക്ക്. ഇതേ കുടുംബത്തിലെ ഒരു സഹയാത്രികനും ഇത്തരത്തിൽ ഹോം ക്വാറന്റീൻ അനുവദിക്കുന്നതാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പ്രകാരമാണ് ഈ ഇളവ്.

മേല്പറഞ്ഞ വിഭാഗങ്ങളിൽ പെടുന്നവർ ഹോം ക്വാറന്റീൻ നടപടികൾ വീഴ്ച്ച കൂടാതെ പാലിക്കുമെന്ന് സത്യവാങ്ങ്മൂലം നൽകേണ്ടതാണ്. പതിനെട്ട് വയസിന് താഴെ പ്രായമുള്ളവർക്ക് വേണ്ടി സത്യവാങ്ങ്മൂലം രക്ഷിതാക്കൾക്ക് ഒപ്പിട്ട് നൽകാവുന്നതാണ്.

2021 ജൂലൈ 12 മുതൽ നിലവിൽ വരുന്ന യാത്രാ മാനദണ്ഡങ്ങൾ പ്രകാരം, ലോകരാജ്യങ്ങളെ മൂന്ന് ലിസ്റ്റുകളായി തരം തിരിച്ചിട്ടുണ്ട്. COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് ക്വാറന്റീൻ ഒഴിവാക്കുന്നതാണ്.